തൃശൂർ: കേരള പത്രപ്രവർത്തക യൂണിയൻ 55-ാം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കമാവും. കാസിനോ കൾച്ചറൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം രാവിലെ 10ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണനും, ആദര സമ്മേളനം 11ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് പതാക ഉയർത്തും. പ്രതിനിധി സമ്മേളനത്തിൽ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ അദ്ധ്യക്ഷത വഹിക്കും. പൊതുസമ്മേളനത്തിന് മന്ത്രി വി.എസ്. സുനിൽ കുമാർ അദ്ധ്യക്ഷത വഹിക്കും. മന്ത്രി എ.സി മൊയ്തീൻ, മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്, ടി.എൻ പ്രതാപൻ എം.പി, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളാവും. 15ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. കെ.യു.ഡബ്ല്യു.ജെ നിയുക്ത സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി അദ്ധ്യക്ഷനാകും.