മണലൂർ : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി ജില്ലാ സമ്മേളനം 14ന് വിപുലമായ പരിപാടികളോടെ കാഞ്ഞാണി മരിയ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 14 മണ്ഡലം കമ്മിറ്റികളിൽ നിന്നായി 200 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

രാവിലെ 10ന് സംസ്ഥാന സെക്രട്ടറി കെ. അനിമോൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ലളിത ചന്ദ്രശേഖരൻ അദ്ധ്യക്ഷയാകും. സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എൻ ജയദേവൻ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ. ജി ശിവാനന്ദൻ, സംസ്ഥാന വൈസ് പ്രസിഡന്റ് പി. വി മോഹനൻ തുടങ്ങിയവർ പങ്കെടുക്കും. സ്വാഗത സംഘം പ്രസിഡന്റ് വി. ജി രാധാകൃഷ്ണൻ, ട്രഷറർ സി. ബി സുനിൽ കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കണ്ണോളി, ജ്യോതി ലക്ഷ്മി വസന്തൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു..