kseb
പെരിങ്ങോട്ടുകരയിൽ ജീവനക്കാർ നടത്തിയ മൗനജാഥയോട് അനുബന്ധിച്ച് നടന്ന പ്രതിഷേധയോഗം

പെരിങ്ങോട്ടുകര: പ്രളയ സമയത്ത് വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ഒരാൾ മരിച്ചതിന് പെരിങ്ങോട്ടുകരയിലെ അഞ്ച് കെ.എസ്.ഇ.ബി ജീവനക്കാർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ്. ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന ഇത്തരം സമീപനങ്ങൾ ജനങ്ങളെ അറിയിക്കാൻ ജീവനക്കാർ പ്ലക്കാർഡുകളേന്തി മൗനജാഥയും നടത്തി.

2018 ആഗസ്റ്റിന് കേരളത്തിലുണ്ടായ പ്രളയത്തോട് അനുബന്ധിച്ച് ആഗസ്റ്റ16ന് കെ.എസ്.ഇ.ബിയുടെ പെരിങ്ങോട്ടുകര ഓഫീസിനു കീഴിൽ വരുന്ന ആവണേങ്ങാട്ടാണ് അപകടം നടന്നത്. അമ്പലത്തിനു പിൻവശത്തുള്ള കാഞ്ഞിരമരം14 മീറ്റർ ഉയരത്തിൽ നിന്നും വൈദ്യുതി ലൈനിൽ വീഴുകയും താഴ്ന്ന വൈദ്യുതി ലൈനിൽ തട്ടിയതിനെ തുടർന്ന് വടക്കേ പുള്ള് സ്വദേശി പതിയത്ത് ദാസൻ മരണപ്പെടുകയുമായിരുന്നു. ഇതിന്റെ ധാർമ്മിക ഉത്തരവാദിത്വം ആരോപിക്കപ്പെട്ട് പെരിങ്ങോട്ടുകര കെ.എസ്.ഇ.ബി ഓഫീസിലെ അഞ്ച് ജീവനക്കാർക്കെതിരെയാണ് മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസ് എടുത്തത്.

ദുരന്തമുഖങ്ങളിൽ സ്വന്തം വീടും നാടും മറന്ന് രാപ്പകൽ അധ്വാനിക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാരെ ഇത്തരത്തിൽ പ്രതിചേർക്കുന്നതിനെതിരെ പെരിങ്ങോട്ടുകരയിൽ ജീവനക്കാർ മൗനജാഥ നടത്തി. തുടർന്ന് നടന്ന വിശദീകരണ യോഗത്തിൽ വിവിധ സംഘടനാ പ്രവർത്തകരായ സ്റ്റീഫൻ.പി.ഒ, ശബരീശൻ.കെ.കെ, സജീവ്.കെ.ബി എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എൻജിനിയർ ജയരാജ്, തൃപ്രയാർ അസിസ്റ്റന്റ് എൻജിനിയർ പ്രിൻസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജീവനക്കാർ പ്രതിഷേധിക്കുന്നത് വൈദ്യുതിബോർഡിനെതിരെയോ പൊലീസിനെതിരേയോ അല്ലെന്നും മറിച്ച് നിലവിലെ സംവിധാനങ്ങൾ ദുരന്തമുഖങ്ങളിൽ ജോലിചെയ്യുന്നവർക്കു നൽകുന്ന പരിരക്ഷയെക്കുറിച്ചുള്ള ധാരണ പൊതു ജനങ്ങളിൽ എത്തിക്കുന്നതിനു വേണ്ടിയാണെന്നും ഇവർ പറഞ്ഞു.

............

പ്രളയകാലത്ത് രാവും പകലും കഠിനാധ്വാനം ചെയ്ത കെ.എസ്.ഇ.ബി ജീവനക്കാരുടെ പ്രയത്‌നങ്ങൾക്കെതിരെ വന്ന പൊലീസ് കേസുകൾ,​ ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ ജീവനക്കാരുടെ മനോധൈര്യം തകർക്കും വിധമാണ്.

- റോയ് (അസി.എൻജിനിയർ)​