വടക്കാഞ്ചേരി: രണ്ടു ദിവസം നീളുന്ന പരോഗമന കലാസാഹിത്യ സംഘം ജില്ലാ സമ്മേളനത്തിന് മുള്ളൂർക്കരയിൽ ആവേശോജ്വല തുടക്കം. പ്രിയദർശിനി ഹാളിൽ കൂടിയാട്ട കലാകാരൻ ശിവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പതാക ഉയർത്തലിനു ശേഷം പുല്ലാങ്കുഴൽ വാദനവും തുടർന്ന് സമ്മേളന വേദിയിൽ നാദ താളലയം തീർത്ത് കലാമണ്ഡലം കലാകാരന്മാർ അവതരിപ്പിച്ച മിഴാവ് മേളം നടന്നു. തുടർന്നായിരുന്നു ഉദ്ഘാടന സമ്മേളനം.
കേരള സാഹിത്യ അക്കാഡമി ചെയർമാൻ വൈശാഖൻ മുഖ്യാതിഥിയായി. തുടർന്ന് സമാദരണം നടന്നു. സംസ്ഥാന കമ്മിറ്റിയംഗം വി. മുരളി, ഡോ. ജോർജ്ജ് എസ്. പോൾ, കെ.വി. നബീസ, പുഷ്പ, വി. രഘു, ടി. ഗോകുലൻ തുടങ്ങിയവർ സംസാരിച്ചു. അശോകൻ ചരുവിൽ സംഘടനാ റിപ്പോർട്ടും, ഡോ. എം.എൻ. വിനയകുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
ആറിന് സെമിനാർ തുടർന്ന് സിനിമ പ്രദർശനം എന്നിവ നടന്നു. ഇന്ന് കാലത്ത് സുധീർ മുള്ളൂർക്കരയും സംഘവും അവതരിപ്പിക്കുന്ന തുയിലുണർത്തു പാട്ടോടെയാണ് സമാപന ദിന പരിപാടികൾക്ക് തുടക്കമാകുക.