കൊടുങ്ങല്ലൂർ: എറിയാട് പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച സി.പി.ഐ, പുതിയ വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ബഹിഷ്കരിച്ചതോടെ ഈ പദവിയും സി.പി.എമ്മിന് ലഭിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സി.പി.എം അംഗം എം.കെ സിദ്ദീഖ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ നിന്നും സി.പി.ഐക്ക് പുറമെ കോൺഗ്രസിന്റെ നാല് അംഗങ്ങളും വിട്ട് നിന്നത് ശ്രദ്ധേയമായി. എൽ.ഡി.എഫിനുള്ളിലെ പോര് ഭരണ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷമായ കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നത്. ഇതേ തുടർന്ന് സി.പി.എമ്മിലെ 12 അംഗങ്ങൾ മാത്രമേ വോട്ടെടുപ്പിനുണ്ടായിരുന്നുള്ളു. ഏഴ് അംഗങ്ങളുള്ള സി.പി.ഐക്ക് ഒടുവിലത്തെ ടേമിൽ പ്രസിഡന്റ് സ്ഥാനം വിട്ടു നൽകണമെന്ന മുൻധാരണ സി.പി.എം പാലിക്കുന്നില്ലെന്നാണ് സി.പി.ഐയുടെ ആക്ഷേപം. ഇതേതുടർന്നാണ് വൈസ് പ്രസിഡന്റായിരുന്ന സി.പി.ഐയിലെ പി.എം അബ്ദുള്ള തൽസ്ഥാനം രാജിവച്ചത്.