ഗുരുവായൂർ: ഗുരുവായൂർ നഗരസഭാ വൈസ് ചെയർമാനായി സി.പി.ഐയിലെ അഭിലാഷ് വി. ചന്ദ്രനെ തിരഞ്ഞെടുത്തു. 43 അംഗ കൗൺസിലിൽ 15 നെതിരെ 22 വോട്ടിനാണ് വിജയം. അഞ്ച് വോട്ടുകൾ അസാധുവായി. കോൺഗ്രസിലെ സി. അനിൽകുമാരാിരുന്നു യു.ഡി.എഫിന്റെ സ്ഥാനാർത്ഥി. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പേര് നിർദ്ദേശിച്ച കോൺഗ്രസ് കൗൺസിലർ വർഗീസ് ചീരൻ, മഹിളാ കോൺഗ്രസ് നേതാക്കളും കൗൺസിലർമാരുമായ സുമതി ഗംഗാധരൻ, സുഷ ബാബു എന്നിവരുടെ വോട്ടുകളും കഴിഞ്ഞ വർഷം നടന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ ഹാജരാകാത്തതിനെ തുടർന്ന് കോൺഗ്രസിൽ നിന്നും പുറത്താക്കിയ ടി.കെ. വിനോദ് കുമാർ, ഡി.സി.സി പ്രസിഡന്റിന്റെ കോലം കത്തിച്ച സംഭവത്തിൽ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിട്ടുള്ള ബഷീർ പൂക്കോട് എന്നിവരുടെ വോട്ടുകളാണ് അസാധുവായത്.
എൽ.ഡി.എഫിലെ ധാരണയെ തുടർന്ന് സി.പി.എമ്മിലെ കെ.പി. വിനോദ് രാജി വച്ചതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. അഭിലാഷ് വി. ചന്ദ്രന്റെ പേര് കെ.പി. വിനോദ് നിർദേശിച്ചു. സുരേഷ് വാര്യർ പിന്താങ്ങി. അനിൽകുമാറിനെ വർഗ്ഗിസ് ചിരൻ നിർദേശിച്ചു. ജലിൽ പണിക്കവീട്ടിൽ പിന്താങ്ങി. ബി.ജെ.പിയുടെ ഏക പ്രതിനിധി ശോഭ ഹരിനാരായണൻ തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല. ഇന്നലെ രാവിലെ നഗരസഭാ കൗൺസിൽ ഹാളിലായിരുന്നു തിരഞ്ഞെടുപ്പ്. ഡെപ്യൂട്ടി കളക്ടർ പി. കാവേരിക്കുട്ടി വരണാധികാരിയായി. തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായ ശേഷം അഭിലാഷ് വി. ചന്ദ്രൻ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. നഗരസഭാ ചെയർപേഴ്‌സൺ വി.എസ്. രേവതി സത്യവാചകം ചൊല്ലിക്കൊടുത്തു.