
ചാലക്കുടി: ചാലക്കുടിപ്പുഴയിലെ കൂടപ്പുഴ ആറാട്ടുകടവിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ടു മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. നടവരമ്പ് ചാമക്കുന്നിൽ കാളത്തുപറമ്പൻ വർഗ്ഗീസിന്റെ മകൻ ടിൻസനാണ് (25) മരിച്ചത്. ടിൻസന്റെ അയൽവാസി അരുൺ (20) രക്ഷപ്പെട്ടു. സായാഹ്ന സവാരിക്ക് പുഴയിലെത്തിയ സ്ത്രീകളാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച വൈകീട്ട് 5.45 ഓടെയായിരുന്നു സംഭവം. തടയണയുടെ താഴെയാണ് ടിൻസനും അരുണും മറ്റൊരു യുവാവും കുളിക്കാനിറങ്ങിയത്. പുഴയിൽ വെള്ളം കുറവാണെങ്കിലും തടണയുടെ ഷട്ടറിന്റെ ഭാഗത്ത് കുത്തൊഴുക്കുണ്ടായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിച്ച അരുണും ഒഴുക്കിൽപെട്ടു. ഇരുവരും ഒഴുകിപ്പോകുന്നത് കണ്ടു നിന്നവർ നിലവിളിച്ച് ആളെക്കൂട്ടി. കൂടപ്പുഴ സ്വദേശികളായ വീട്ടമ്മമാർ ചുരിദാറിന്റെ ഷാൾ ഇട്ടുകൊടുത്താണ് അരുണിനെ കരയ്ക്കുകയറ്റിയത്. അപ്പോഴേയ്ക്കും ടിൻസൻ ഒഴുകിപ്പോയി. ദുബായിയിലെ ഒരു കമ്പനിയിൽ സൂപ്പർവൈസറാണ് ടിൻസൻ .