കൊടുങ്ങല്ലൂർ: ഗായകനും സംഗീത സംവിധായകനുമായിരുന്ന ജോസ് കൊടുങ്ങല്ലൂരിന് പുന്നക്കബസാർ സാംസ്‌കാരിക വേദിയുടെ വാർഷികാഘോഷ കമ്മിറ്റി പുരസ്‌കാരം പ്രഖ്യപിച്ചു. സംഗീത ലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്ന് കമ്മിറ്റി ചെയർമാൻ സുബൈർ കാക്കശ്ശേരി പറഞ്ഞു. ഈ മാസം മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പുന്നക്കബസാർ സാംസ്‌കാരിക വേദിയുടെ ഒന്നാം വാർഷികാഘോഷ പരിപാടികളുടെ സമാപന ദിവസമായ 27ന് ജോസിന്റെ കുടുംബം പുരസ്‌കാരം ഏറ്റുവാങ്ങും. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ആറു പതിറ്റാണ്ട് സംഗീത ലോകത്ത് നിറഞ്ഞ് നിന്ന ജോസ് നിരവധി നാടക ഗാനങ്ങൾ, ഭക്തി ഗാനങ്ങൾ, ലളിത ഗാനങ്ങൾ, മാപ്പിളപ്പാട്ട്, ബാലെ എന്നിവ ചിട്ടപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം ജോസ് മരണപ്പെടുന്നതിന് മുമ്പ് പുന്നക്കബസാർ സാംസ്‌കാരിക വേദിക്കായി ഹംസ കാക്കശ്ശേരി രചിച്ച 'ഒരുദേശം രണ്ട്കഥകൾ'' എന്ന നാടകത്തിനാണ് ഗസൽ ചിട്ടപ്പെടുത്തിയത്. ' മനസ്സിൻ അക്കരെ നിൽക്കുന്ന മാരനെ കനവ് കാണുന്ന പെണ്ണേ'' എന്ന് തുടങ്ങുന്നതായിരുന്നു ഗസൽ.