mohersmain
വീട്ടമ്മമാരായ ലൂസി, മിനി, ലില്ലി എന്നിവർ നഗരസഭ കൗൺസിലർ ഉഷാ പരമേശ്വന്‌റെ കൂടെ


ചാലക്കുടി: കൂടപ്പുഴക്കാരായ വീട്ടമ്മമാരുടെ ആത്മധൈര്യവും നിശ്ചയ ദർഢ്യവുമായിരുന്നു ഇന്നലെ ആറാട്ടുകടവിൽ ഒരു യുവാവിന്റെ ജീവൻ രക്ഷപ്പെടുത്തിയത്. കാച്ചപ്പിള്ളി ഷൈജുവിന്റെ ഭാര്യ ഷൈനി, ചിറക്കൽ മുണ്ടൻമാണി പൗലോസിന്റെ ഭാര്യ ലൂസി, മേനാച്ചേരി പൗലോസിന്റെ ഭാര്യ മിനി, പറനിലം വർഗീസ് ഭാര്യ ലില്ലി എന്നിവർ ചേർന്നാണ് അരുണിനെ രക്ഷപ്പെടുത്തിയത്. തങ്ങളുടെ ചുരിദാറിന്റെ ഷാൾ ഇട്ടുകൊടുത്തായിരുന്നു വീട്ടമ്മാരുടെ ആത്മ ധൈര്യത്തോടെയുള്ള രക്ഷാ പ്രവർത്തനം.

പതിവു പോലെ ഇവർ സായാഹ്ന സവാരിക്കെത്തിയതായിരുന്നു. നടത്തം പുഴയോരത്തേക്കും നീണ്ടു. ഇതിനിടെയാണ് തടയണയുടെ ഭാഗത്തു നിന്നും നിലവിളി കേട്ടത്. പിന്നീടിവർക്ക് രണ്ടു വട്ടം ചിന്തിക്കേണ്ടി വന്നില്ല. നാൽവർ സംഘം അപകട സ്ഥലത്തേക്ക് ഓടിയെത്തി. മുങ്ങിത്താഴുന്ന ഒരാളെ കണ്ടപ്പോൾ ഇവർക്ക് എന്തു ചെയ്യണമെന്ന് ആദ്യം പിടികിട്ടിയില്ല. തടയണയുടെ മുകളിൽ നിന്നിരുന്ന ഇവർ അധികം ആലോചിച്ച് സമയം കളഞ്ഞില്ല. ഞൊടിയിടയൽ തങ്ങളുടെ ചുരിദാറകളുടെ ഷാളുകൾ കൂട്ടിക്കെട്ടി രക്ഷാ കവചമൊരുക്കി.

നീളം പോരാതായപ്പോൾ കുളിക്കാനെത്തിയ മറ്റൊരാൾ തോർത്തും നൽകി. നിമിഷ നേരം കൊണ്ടു തീർത്ത രക്ഷാവള്ളി പുഴയിലേക്കിട്ടു കൊടുത്തു. ഇതിൽ അള്ളിപ്പിടിച്ച യുവാവ് കരയ്‌ക്കെത്തുമ്പോൾ തീർത്തും അവശനായിരുന്നു. ഏതാനും നിമിഷം കൂടി കഴിഞ്ഞെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു. ഇതൊക്കെ തങ്ങൾക്ക് എങ്ങനെ ചെയ്യാൻ കഴിഞ്ഞെന്ന് സ്വയം ചിന്തിച്ച് ആശ്ചര്യപ്പെടുകയാണ് കൂടപ്പുഴക്കാരായ വീട്ടമ്മാർ.