ചാലക്കുടി: ഒറ്റ തവണമാത്രം ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കൾ ജനുവരി ഒന്ന് മുതൽ നിരോധിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവ് നഗരസഭയിൽ നടപ്പിലാക്കാൻ നഗരസഭാ കൗൺസിൽ യോഗത്തിൽ തീരുമാനം. ഇക്കാര്യം വിശദീകരിക്കാനും കാര്യങ്ങൾ ചർച്ച ചെയ്യാനുമായി വ്യാപാരി സംഘടനകളുടെ യോഗം ഉടൻ ചേരും. തുടർന്ന് നടപടി സ്വകീരിക്കും.

ഹരിതസേനയുടെ പ്രവർത്തനം നഗരസഭാ അതിർത്തിയിൽ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. എന്നാൽ നഗരസഭയുടെ ഈ പദ്ധതിയിൽ ചുരുക്കം ചില വീട്ടുകാർ സഹകരിക്കുന്നില്ലെന്നും പല കൗൺസിലർമാരും ആക്ഷേപം ഉന്നയിച്ചു. ഇത്തരക്കാരിൽ നിന്നും പിഴ ഈടാക്കാനും നഗരസഭ നൽകുന്ന ആനുകൂല്യങ്ങളിൽ നിന്നും ഇത്തരക്കാരെ ഒഴിവാക്കാനും യോഗം തീരുമാനിച്ചു. ഇക്കാര്യം സംബന്ധിച്ച വിശദമായ നോട്ടീസ് എല്ലാ വീടുകളിലേക്കും നൽകാനും തീരുമാനമായി.

അമ്പത് ലക്ഷം രൂപയുടെ ഗാർബേജ് പ്രൊസസിംഗ് സെന്റർ ഇൻ മുനിസിപ്പൽ മാർക്കറ്റ് എന്ന പദ്ധതി പോട്ടയിലെ ഖരമാലിന്യ പ്ലാന്റിലേക്ക് മാറ്റാണമെന്ന ഭരണപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ഇതിൻ പ്രതിപക്ഷം എതിർക്കുകയും ചെയ്തു. മാലിന്യം പത്ത് ദിവസത്തിനുള്ളിൽ വളമാക്കി മാറ്റുന്ന ഈ പദ്ധതി മലിനീകരണ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നില്ലെന്നും ദുർഗന്ധം ഉണ്ടാകില്ലെന്നും ഹെൽത്ത് വിഭാഗം അറിയിച്ചു. ഇക്കാര്യങ്ങൾ കണ്ട് ബോദ്ധ്യപ്പെട്ടതിന് ശേഷം നടപ്പിലാക്കാമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.

ഇതിനായി വെള്ളിയാഴ്ച ഭരണപ്രതിപക്ഷ അംഗങ്ങൾ സ്ഥലം സന്ദർശിക്കാനും യോഗം തീരുമാനിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, പി.എം. ശ്രീധരൻ, വി.ജെ. ജോജി, യു.വി. മാർട്ടിൻ, വി.എസ്. ഗണേശൻ, ബിജി സദാനന്ദൻ, കെ.എം. ഹരിനാരായണൻ, കെ.വി.പോൾ, വി.ഒ. പൈലപ്പൻ, ഷിബു വാലപ്പൻ, ബിജു എസ്. ചിറയത്ത്, ആലീസ് ഷിബു തുടങ്ങിയവർ സംസാരിച്ചു.