തൃശൂർ: തത്കാലം മേയർ സ്ഥാനം ഒഴിയേണ്ടെന്ന് സി.പി.ഐ. തങ്ങൾക്ക് നൽകാമെന്ന് ഉറപ്പ് നൽകിയ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകാത്തതിനെ തുടർന്ന് രാജിവയ്‌ക്കേണ്ടെന്ന് മേയർ അജിത വിജയനോട് സി.പി.ഐ ജില്ലാ നേതൃത്വം നിർദ്ദേശിച്ചു. മൂന്ന് വർഷം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഒരു വർഷം ഡെപ്യൂട്ടി മേയർ, ഒരു വർഷം മേയർ സ്ഥാനം എന്നിങ്ങനെയാണ് ധാരണയുണ്ടാക്കിയത്.

എന്നാൽ സി.പി.ഐക്ക് കിട്ടേണ്ട വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്നൊഴിയാൻ ജനതാദളിലെ ഷീബ ബാബു തയ്യാറാകാതിരുന്നതിനെ തുടർന്നാണ് മേയർ സ്ഥാനത്തു നിന്ന് തത്കാലം രാജി നൽകേണ്ടെന്ന് പാർട്ടി തീരുമാനിച്ചത്. പാർട്ടി നിർദ്ദേശിച്ചാൽ ഇന്നലെ തന്നെ രാജി നൽകാൻ മേയർ അജിത വിജയൻ തയ്യാറായിരുന്നു. പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ സി.പി.എമ്മിലെ എം.പി ശ്രീനിവാസനെ രാജിവയ്പ്പിച്ച് പ്രശ്‌നം പരിഹരിക്കാൻ സി.പി.എം ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനമൊഴിഞ്ഞാൽ കൗൺസിലർ സ്ഥാനവും രാജിവയ്ക്കുമെന്ന് ശ്രീനിവാസൻ പറഞ്ഞതോടെ പ്രശ്‌നം പരിഹരിക്കാൻ സി.പി.എമ്മിനാകാതെ വന്നത്. എൽ.ഡി.എഫ് യോഗം വിളിച്ച് പ്രശ്‌നം പരിഹരിക്കുമെന്ന് നേതാക്കൾ പറഞ്ഞു.

ഇന്ന് ഇടതു മുന്നണി യോഗം നിശ്ചയിച്ചിട്ടുണ്ട്. മേയർ സ്ഥാനമൊഴിഞ്ഞാൽ സി.പി.എമ്മിലെ മുൻ മേയർ അജിത ജയരാജനെ തന്നെ മേയറാക്കാനാണ് പാർട്ടി ധാരണ. എന്നാൽ ഇതിനിടെ യുവാക്കൾക്ക് അവസരം നൽകണമെന്ന അഭിപ്രായം ഉയർന്നതോടെ മേയർ സ്ഥാനത്തിനായി ഒരു യുവ വനിതാ കൗൺസിലർ രംഗത്തെത്തിയിരുന്നു. എന്നാൽ കൗൺസിലർമാരുടെ ഇടയിൽ നിന്നു തന്നെ വേണ്ടത്ര പിന്തുണ ലഭിക്കാതായതോടെയാണ് പിന്മാറിയതെന്നും പറയുന്നു.