മാള: ബസുകൾക്കൊപ്പം മാള കെ.എസ്.ആർ.ടി.സി ഡിപ്പോയും കട്ടപ്പുറത്തേക്ക്. ഈ നില തുടർന്നാൽ ഡിപ്പോ പദവി തന്നെ ഇല്ലാതാകുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. മാള ഡിപ്പോയിൽ നിന്ന് 56 ഷെഡ്യൂൾ വരെ ഉണ്ടായിരുന്നത് ഇപ്പോൾ 34 ആയി കുറഞ്ഞ് മുടന്തുകയാണ്. ബസുകളും ജീവനക്കാരും കുറഞ്ഞതോടെ യാത്രക്കാരിൽ വിശ്വാസം നഷ്ടപ്പെട്ട് വരുമാനവും കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.
അടുത്തിടെ വരെ 49 ബസും 41 ഷെഡ്യൂളും ഉണ്ടായിരുന്നത് 33 ബസും 34 ഷെഡ്യൂളുമായി മാറി. 12 ബസുകളാണ് കട്ടപ്പുറത്ത് കിടക്കുന്നത്. അതിൽത്തന്നെ നാലെണ്ണം മറ്റു ഡിപ്പോകളിലെ വർക്ക് ഷോപ്പുകളിലാണ്. തകരാറിലായ പാട്സുകൾ ലഭിക്കാത്തതാണ് ബസുകൾ ഏറെ നാളായി കട്ടപ്പുറത്ത് കിടക്കാൻ ഇടയാക്കുന്നത്. യന്ത്ര തകരാർ കാരണം കട്ടപ്പുറത്തായ ബസുകളുടെ ടയറുകൾ അടക്കമുള്ളവ മറ്റുള്ളതിനായി അഴിച്ചുമാറ്റുന്ന അവസ്ഥയുമുണ്ട്. കൂടാതെ രണ്ട് ഫാസ്റ്റ് അടക്കം നാലെണ്ണം പമ്പ പ്രത്യേക സർവീസിന് കൊണ്ടുപോയപ്പോൾ ആകെ 16 ബസുകളുടെ കുറവാണ് മാള ഡിപ്പോയിൽ ഉണ്ടായിട്ടുള്ളത്. ഓരോ ദിവസവും വ്യത്യസ്ത മേഖലകളിലേക്കുള്ള സർവീസുകളാണ് റദ്ദ് ചെയ്യുന്നത്. 96 കണ്ടക്ടർമാരും ഡ്രൈവർമാരും ആവശ്യമുള്ളപ്പോൾ 80 വീതമാണുള്ളത്. ബസുകളുടെ കുറവിൽ മാത്രമല്ല ഡ്രൈവറും കണ്ടക്ടറും ഇല്ലാതെ പല ഷെഡ്യൂളുകളും റദ്ദാക്കേണ്ട അവസ്ഥയും മാള ഡിപ്പോയിലുണ്ട്. കൂടിയ വരുമാനം ആറ് ലക്ഷം രൂപ വരെ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ശരാശരി നാലര ലക്ഷം വരെയായി. വരുമാനത്തിൽ ശരാശരി ഒരു ലക്ഷത്തോളമാണ് കുറവ് വന്നത്. മാളയിൽ നിലവിലുള്ള 34 ഷെഡ്യൂളുകളിൽ പത്തെണ്ണം ദീർഘദൂര സർവീസുകളാണ്. നാലെണ്ണം തിരുവനന്തപുരം, രണ്ടെണ്ണം കോഴിക്കോട്, നാലെണ്ണം തൃശൂർ-എറണാകുളം എന്നിവിടങ്ങളിലേക്കാണ്.
..................
ബസുകളുടെ എണ്ണവും വരുമാനവും താഴേക്ക്
56 ഷെഡ്യൂൾ വരെ ഉണ്ടായിരുന്നത് ഇപ്പോൾ 34 ആയി
അടുത്തിടെ വരെ 49 ബസും 41 ഷെഡ്യൂളും ഉണ്ടായിരുന്നത് 33 ബസും 34 ഷെഡ്യൂളുമായി
96 കണ്ടക്ടർമാരും ഡ്രൈവർമാരും ആവശ്യമുള്ളപ്പോൾ 80 വീതമാണുള്ളത്
വരുമാനം ആറ് ലക്ഷം രൂപ വരെ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ശരാശരി നാലര ലക്ഷം വരെയായി
..................................
സർവീസുകൾ റദ്ദ് ചെയ്യുന്നതിനാൽ കെ.എസ്.ആർ.ടി.സി ബസിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. യാത്രാ ദുരിതം ഏറി.
നീതു സുജിത്ത് (യാത്രക്കാരി)