അയ്യപ്പവേഷത്തിൽ കുടുക്കി
തൃശൂർ: ഈ വർഷം ജനുവരി മുതൽ ഇന്നലെ വരെ തൃശൂർ ജില്ലയിൽ എക്‌സൈസ് പിടിച്ചെടുത്തത് 750 കിലോഗ്രാമിലേറെ കഞ്ചാവ്. അറസ്റ്റിലായത് 590 കേസുകളിൽ 568 പ്രതികൾ. ഇന്നലെ തൃശൂർ, ചാലക്കുടി എന്നിവിടങ്ങളിൽ നിന്നും കഞ്ചാവുമായി നാലുപേരെക്കൂടി പിടികൂടിയതോടെ ജില്ലയിലേക്കുളള കഞ്ചാവിന്റെ കടത്ത് അതീവഗുരുതരമാണെന്ന് വ്യക്തം.
ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് മദ്യ മയക്കുമരുന്ന് അടക്കമുള്ള എല്ലാ ലഹരി മാഫിയക്കെതിരെയും നടത്തുന്ന സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചാണ് ജില്ലയിൽ വീണ്ടും വൻതോതിൽ കഞ്ചാവുമായി യുവാക്കളെ കുടുക്കിയത്. ശബരിമല യാത്രക്കാർ കൂടുതലായി സഞ്ചരിക്കുന്ന ബസുകളിലും ട്രെയിനുകളിലും ലഹരി വസ്തുക്കൾ കടത്തുന്നതായി തൃശൂർ എക്‌സൈസ് ഇന്റലിജൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
അയ്യപ്പന്മാരുടെ വേഷത്തിൽത്തന്നെ, എക്‌സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള ഇന്റലിജൻസ് സംഘം അയ്യപ്പന്മാർ കൂടുതലായി സഞ്ചരിക്കുന്ന റൂട്ടുകളിൽ ബസിലും ട്രെയിനിലും മറ്റു വാഹനങ്ങളിലും രാത്രിയിലടക്കം നിരീക്ഷണം ശക്തമാക്കിയിരുന്നു. അയ്യപ്പന്മാർ കൂടുതലായി കയറുന്ന ട്രെയിനുകളിൽ ആന്ധ്രാപ്രദേശിലെ സ്റ്റേഷനുകളിൽ നിന്നും അവരുടെ ലഗേജിനിടയിൽ കഞ്ചാവടങ്ങിയ ബാഗുകൾ വച്ചതിനു ശേഷം വേറേ കമ്പാർട്ട്‌മെന്റിൽ യാത്ര ചെയ്യുകയായിരുന്നു. ഇവരുടെ നീക്കങ്ങൾ ഇന്റലിജൻസ് നിരീക്ഷിച്ചു വരികയായിരുന്നു.
തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് കഴിഞ്ഞ ഏപ്രിലിൽ 375 കിലോ കഞ്ചാവ് പിടികൂടിയതിന് പിന്നാലെ 220 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേർ കണ്ണാറയിൽ പിടിയിലായതോടെ സംസ്ഥാനത്ത് വൻതോതിൽ കഞ്ചാവ് കടത്തുന്ന ജില്ലകളിലൊന്നായി തൃശൂർ മാറിയിരുന്നു.
ഇതരസംസ്ഥാനക്കാരും വിദ്യാർത്ഥികളും
ഇതരസംസ്ഥാന തൊഴിലാളികളും പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികളുമാണ് കഞ്ചാവ് കടത്തിന്റെ കണ്ണികളും ഇരകളും. കഴിഞ്ഞ മാർച്ചിൽ കഞ്ചാവുമായി പിടിയിലായത് ബി. ടെക് വിദ്യാർത്ഥിയായിരുന്നു. പ്‌ളസ്ടു വിദ്യാർത്ഥികളെ, പ്രായപൂർത്തിയാകാത്തതിനാൽ താക്കീത് ചെയത് വിടുമ്പോൾ അവർ വീണ്ടും കുറ്റം ചെയ്യാൻ ഇടവരുന്നുമുണ്ട്. മദ്യപിച്ചാൽ പൊലീസ് പരിശോധനയിൽ പെടുമെന്ന് ഭയപ്പെട്ടാണ് കഞ്ചാവിന്റെയും മറ്റ് ലഹരിയുടെയും വഴി തേടുന്നത്. ചരസ്, ഹാഷിഷ്, മാനസിക രോഗികൾക്ക് കൊടുക്കുന്ന നൈട്രോസൻ, എൽ.എസ്.ഡി, ന്യൂജെൻ ലഹരിമരുന്നായ എം.ഡി.എം.എ. (മെഥലിൻ ഡയോക്‌സി മെത്താഫിറ്റമിൻ ) തുടങ്ങിയവയും തൃശൂരിൽ വിദ്യാർത്ഥികളുടെ കേന്ദ്രങ്ങളിൽ നിന്ന് പിടികൂടിയിരുന്നു.
................................
''ലഹരിമാഫിയകൾക്കെതിരെ ഇന്റലിജൻസുമായി സഹകരിച്ച് ശക്തമായ നടപടികൾ ഇനിയും തുടരും.''
പി.കെ.സനു, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ, തൃശൂർ .
''സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചും ശബരിമല സീസൺ പ്രമാണിച്ച് പ്രത്യേകിച്ചും തൃശൂരടക്കമുള്ള സ്ഥലങ്ങളിൽ നിരീക്ഷണവും അന്വേഷണവും ശക്തമാക്കും ''
അശോക് കുമാർ, അസിസ്റ്റന്റ് കമ്മിഷണർ, എക്‌സൈസ് ഇന്റലിജൻസ്.
കണ്ണികളായി
'റാണി' മാരും
പ്രൊഷണൽ കോളേജുകളിൽ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കഞ്ചാവ് മൊത്ത വിതരണം നടത്തുന്ന ' കഞ്ചാവ് റാണി' എന്ന് അറിയപ്പെടുന്ന സ്ത്രീയെയും കഴിഞ്ഞ മാസം പിടികൂടിയിരുന്നു. കുന്നംകുളം പെരുമ്പിലാവ് ആൽത്തറ മണിയിൽ കുളംവീട്ടിൽ ശ്രീദേവിയാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശിയായ ഭർത്താവും മക്കളുമുൾപ്പെടെ പെരുമ്പിലാവിൽ താമസിക്കുന്ന യുവതി തമിഴ്‌നാട്ടിൽ നിന്നാണ് കഞ്ചാവ് കേരളത്തിലേക്ക് വിതരണത്തിനായി എത്തിച്ചിരുന്നത്. കുന്നംകുളം ബസ് സ്റ്റാൻഡിൽ വെച്ചാണ് യുവതിയെ പിടികൂടിയത്. ലക്ഷത്തോളം വിലവരുന്ന ആറ് കിലോ കഞ്ചാവും പിടിച്ചെടുത്തിരുന്നു..