തൃശൂർ: കോർപറേഷൻ പരിധിയിൽ അമൃതം പദ്ധതിയുടെ ഭാഗമായി വെട്ടിപ്പൊളിച്ച റോഡുകൾ ജനുവരി 30 ന് ഉളളിൽ ടാർ ചെയ്യുമെന്ന് കോർപറേഷൻ ഹൈക്കോടതിയെ ബോധിപ്പിച്ചു. 42 റോഡുകളിൽ പൈപ്പ് ലൈനിന്റെ പണി കഴിഞ്ഞതായും 37 റോഡുകൾ പണിയുന്നതിന് സാങ്കേതിക അനുമതി ലഭിച്ചതായും 31 റോഡുകൾ പണിയുന്നതിന് വർക്ക് അവാർഡ് ചെയ്തതായും കോർപറേഷൻ അറിയിച്ചു.
ഏഴ് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കി. പൈപ്പ് ലൈൻ ഇട്ടാൽ ഉടൻ ടാറിംഗ് നടത്തും. ഒരു വർഷമായിട്ടും ടാർ ചെയ്യാത്തതിനെ തുടർന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് അഡ്വ. കെ.ബി. ഗംഗേഷ് വഴി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിശദീകരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ടത്. കേസ് വാദം കേൾക്കുന്നതിന് , കൊച്ചി കോർപറേഷനിലെ റോഡിന്റെ ടാറിംഗുമായി ബന്ധപ്പെട്ട കേസിന്റെ കൂടെ ഇന്ന് പരിഗണിക്കും.