arrest

തൃശൂർ: അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തിലെ രണ്ടു പേരെ 13 കിലോഗ്രാം കഞ്ചാവുമായി എക്‌സൈസ് ഇന്റലിജൻസ് സംഘം അറസ്റ്റ് ചെയ്‌തു. കണ്ണൂർ താഴെച്ചൊവ്വ തിലാന്നൂരിൽ പി.എം ഹൗസിൽ ഉബൈസ് (27), മലപ്പുറം പൂക്കോട്ടൂർ കക്കാടമ്മൽ വീട്ടിൽ ഷിബു (26) എന്നിവരാണ് തൃശൂർ റെയിൽവേ പരിസരത്ത് നിന്ന് പിടിയിലായത്.

ട്രെയിനിലും കാറിലുമായി തൃശൂർ, മലപ്പുറം ജില്ലകളിലേക്ക് ആന്ധ്രയിൽ നിന്ന് വൻതോതിൽ കഞ്ചാവ് കടത്തുന്ന സംഘമാണിത്. ക്രിസ്മസ് - പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ച് എക്‌സൈസ് വകുപ്പ് നടത്തുന്ന സ്‌പെഷ്യൽ ഡ്രൈവിനിടെയാണ് പ്രതികൾ പിടിയിലായത്. അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ സലിമിന്റെ നിർദ്ദേശാനുസരണം സി.ഐ ജിജു ജോസിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് ഇന്റലിജൻസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ മണികണ്ഠൻ, സതീഷ്, ഷിബു, മോഹനൻ, ഷെഫീക് എന്നിവരുമുണ്ടായിരുന്നു.