പുതുക്കാട്: പതിനഞ്ചിന് അർദ്ധരാത്രി മുതൽ ഫാസ് ടാഗ് എർപെടുത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് അർദ്ധരാത്രി ടോൾ പ്ലാസയിലേക്ക് മാർച്ചും തുടന്ന് ടോൾ പ്ലാസ ഉപരോധവും നടത്തുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സൗജന്യ യാത്ര നടത്തുന്ന തദ്ദേശീയരായ 45,000 വാഹന ഉടമകളുടെ സൗജന്യ യാത്രയെക്കുറിച്ച് തീരുമാനത്തിലെത്താതെ ഫാസ് ടാഗ് എർപെടുത്തുന്നതിൽ പ്രതിഷേധിച്ചാണ് ഉപരോധം. ഫാസ് ടാഗ് എർപ്പെടുത്തുന്നതോടെ തദേശീയരുടെ സൗജന്യ യാത്ര തടസപെടുമെന്നും അതിനാൽ തദേശീയരുടെ സൗജന്യ യാത്ര തടസപ്പെടുത്തരുതെന്നും ആവശ്യപെട്ട് ഡി.സി.സി. വൈസ് പ്രസിഡന്റ്, അഡ്വ. ജോസഫ് ടാജറ്റ് ഹൈക്കോടതിയിൽ നൽകിയ ഹർജി വാദം പൂർത്തീകരിച്ച് വിധി പറയാൻ മാറ്റി വെച്ച സാഹചര്യത്തിൽ തിരക്കിട്ട് ഫാസ് ടാഗ് എർപെടുത്തരുതെന്ന് നേതാക്കൾ ആവശ്യപെട്ടു. 45,000 തദ്ദേശീയരായ വാഹന ഉടമകളിൽ 20 ശതമാനം പേർ മാത്രമാണ് ഇതുവരെ ഫാസ് ടാഗ് എടുത്തതെന്ന് ടോൾ കമ്പനി തന്നെ പറയുമ്പോൾ മറ്റുള്ളവരുടെ യാത്രാ സൗകര്യത്തെ കുറിച്ച് ചിന്തിക്കാതെ നടത്തുന്ന തിരക്കിട്ട നീക്കം ദുരൂഹമാണെന്ന് നേതാക്കൾ ആരോപിച്ചു. ഫാസ് ടാഗ് എർപെടുത്താനുള്ള നീക്കം യു.ഡി.എഫ് ചെറുക്കുമെന്ന് നേതാക്കൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ യു.ഡി.എഫ് നേതാക്കളായ കെ.എൽ ജോസ് മാസ്റ്റർ, സോമൻ മൂത്രത്തിക്കര, ബേബി മാത്യു കാവുങ്ങൽ, അബ്ദുട്ടി ഹാജി എന്നിവർ പങ്കെടുത്തു..