തൃശൂർ : പാലിയേക്കര ടോൾപ്ലാസയിൽ 15 മുതൽ ഫാസ്റ്റ് ടാഗ് സമ്പ്രദായം നിർബന്ധമാക്കുന്ന സാഹചര്യത്തിൽ പകരം സംവിധാനമൊരുക്കുന്നതു വരെ തത്‌സ്ഥിതി തുടരുമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ്. ഇക്കാര്യത്തിൽ ഒരാഴ്ചയ്ക്കകം സർക്കാരുമായി ബന്ധപ്പെട്ട് ആലോചനാ യോഗം ചേരും. ഫാസ്റ്റ് ടാഗിലേക്ക് പൂർണ്ണമായും മാറുന്നതുവരെ നിലവിലുള്ള രീതി പ്രകാരം വാഹനങ്ങൾക്ക് കടന്നുപോകാം. ടോൾ പ്ലാസ ഫാസ്റ്റ് ടാഗിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഉന്നതതലയോഗത്തിലാണ് കളക്ടർ തീരുമാനം അറിയിച്ചത്. പാലിയേക്കര ടോൾപ്ലാസയിൽ 24 മണിക്കൂറും പ്രത്യേക പൊലീസ് ഫോഴ്‌സിനെ വിനിയോഗിക്കും.

ടോൾ പ്ലാസയ്ക്കടുത്തുള്ള പാർക്കിംഗ് ഒരു കിലോമീറ്റർ ദൂരത്തേക്ക് മാറ്റണമെന്നും നിർദ്ദേശം നൽകി. ടോൾപ്ലാസയിൽ വീണ്ടും പ്രശ്‌നങ്ങൾ ഉണ്ടായാൽ ഇരുകൂട്ടർക്കും എതിരെ കേസെടുക്കും. പത്ത് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന പ്രദേശവാസികൾക്ക് സൗജന്യ പാസ് സൗകര്യം നിലനിറുത്തണമെന്നും ദേശീയപാതാ അതോറിറ്റിയോട് കളക്ടർ ആവശ്യപ്പെട്ടു. ശബരിമല സീസണായ സാഹചര്യത്തിൽ ടോൾപ്ലാസയിൽ അപ്പുറവും ഇപ്പുറവുമുള്ള ഒരോ വരികൾ മാത്രം പഴയ രീതിയിലെ സ്മാർട്ട് കാർഡുകാർക്ക് അനുവദിച്ചിരിക്കുന്നത് പ്രയോഗികമല്ല. പ്രയോഗികമല്ലാത്ത കാര്യങ്ങൾ ജില്ലയിൽ നടപ്പാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാരിന്റെ 'വൺടാഗ് വൺ ഇന്ത്യ 'എന്ന പദ്ധതിയുടെ ഭാഗമായാണ് പാലിയേക്കരയിൽ ഫാസ്റ്റ് ടാഗ് നിർബന്ധമാക്കാൻ ദേശീയപാതാ അതോറിറ്റി തീരുമാനിച്ചത്. ഡിജിറ്റൽ പെയ്‌മെന്റ് രീതിയിലുള്ള ടാഗ് നടപ്പാക്കിയാൽ ഇന്ത്യയിലെ മുഴുവൻ ടോൾപ്ലാസകളിലൂടെയും യാത്ര ചെയ്യാം എന്നാണ് അധികൃതർ പറയുന്നത്. 2018 ഏപ്രിലിൽ നിലവിൽ വന്ന ഫാസ്റ്റ് ടാഗ് നിയമം 2019 നവംബർ ഒന്നോട് കൂടി കർശനമാക്കുകയായിരുന്നു.

ഫാസ്റ്റ് ടാഗ് സമ്പ്രദായത്തിലേക്ക് ടോൾ പ്ലാസ പൂർണമായും മാറുന്നതോടെ, പുതിയ സമ്പ്രദായത്തിലേക്ക് മാറാത്തവർക്കായി ഇരുവശത്തും രണ്ട് ട്രാക്കുകൾ സ്ഥാപിക്കാൻ ടോൾപ്ലാസ അധികൃതർ തീരുമാനിക്കുകയായിരുന്നു. എന്നാൽ ജില്ലയിൽ 20 ശതമാനം പേർ മാത്രമാണ് ഫാസ്റ്റ് ടാഗ് സമ്പ്രദായത്തിലേക്ക് മാറിയത്.