arrest

ചാലക്കുടി: ചാലക്കുടി കെ.എസ്.ആർ.ടി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും 9 കിലോ കഞ്ചാവുമായി രണ്ടുപേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കൊരട്ടി സ്വദേശികളും ബന്ധുക്കളുമായ നെല്ലിശേരി ലാൽ വർഗീസ് (23), ഫെബിൻ (24) എന്നിവരെയാണ് എക്‌സൈസ് ഇൻസ്‌പെക്ടർ എം. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വിശാഖ പട്ടണത്ത് നിന്നുമാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്.

തൃശൂർ വരെ ട്രെയിനിലായിരുന്നു യാത്ര. പിന്നീട് കെ.എസ്.ആർ.ടി.സി ബസിൽ ചാലക്കുടിയിലെത്തി. തിടുക്കത്തിൽ സ്റ്റാൻഡിൽ നിന്നും പുറത്തു കടന്ന ഇവരെ പരിസരത്ത് പതുങ്ങി നിന്നിരുന്ന എക്‌സൈസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കാണ് ഇവർ കഞ്ചാവ് എത്തിച്ചതെന്ന് ഇൻസ്‌പെക്ടർ എ. രാധാകൃഷ്ണൻ പറഞ്ഞു. പ്രിവന്റീവ് ഓഫീസർമാരായ കെ.പി സുനിൽ കുമാർ, കെ.ജി നന്ദകുമാർ, സി.ഇ.ഒമാരായ എസ്. ശ്യാം, എം.എസ് ശ്രീരാജ്, പി.കെ ആനന്ദൻ, പി.വി ജയൻ, പി.പി ഷാജു, സി.എസ് ശാലിനി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തൃശൂർ എക്‌സൈസ് വിജിലൻസ് വിഭാഗത്തിന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു ചാലക്കുടിയിലെ ഓപ്പറേഷൻ.