ചാവക്കാട് എക്‌സൈസ് റേഞ്ചും മുനക്കകടവ് കോസ്റ്റൽ പൊലീസും സംയുക്തമായി പട്രോളിംഗ് നടത്തുന്നു
ചാവക്കാട്: തീരദേശം കേന്ദ്രീകരിച്ചുള്ള ലഹരി ഉത്പന്നങ്ങളുടെയും വ്യാജ മദ്യത്തിന്റെയും വ്യാപനം തടയുന്നതിന് കടലിൽ വ്യാപക പരിശോധന നടത്തി. ചാവക്കാട് എക്‌സൈസ് റേഞ്ചും മുനക്കകടവ് കോസ്റ്റൽ പൊലീസും സംയുക്തമായാണ് പട്രോളിംഗ് നടത്തിയത്. ക്രിസ്മസ് പുതുവത്സരത്തോട് അനുബന്ധിച്ച് കടൽവഴി വ്യാജമദ്യം ഉൾപ്പടെയുള്ളവ എത്തുമെന്ന സൂചനയെ തുടർന്നാണ് കർശന പരിശോധന.
കടലിൽ ഒമ്പത് നോട്ടിക്കൽ മൈൽ ദൂരത്തിൽ ബോട്ടിൽ സഞ്ചരിച്ച് എക്‌സൈസ് കോസ്റ്റൽ പൊലീസ് സംയുക്ത സംഘം മുനയ്ക്കക്കടവ് ഫിഷ് ലാൻഡിംഗ് സെന്ററിൽ ഉള്ള ബോട്ടുകളിലും കടലിലെ മത്സ്യ ബന്ധന ബോട്ടുകളും വള്ളങ്ങളും പരിശോധിച്ചു. രാവിലെ ആരംഭിച്ച പരിശോധന മണിക്കൂറുകളോളം നീണ്ടു.
ചാവക്കാട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.വി. ബാബു, പ്രവന്റീവ് ഓഫീസർ പി. രാമചന്ദ്രൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശീർഷേന്ദുലാൽ, പി.എസ്. ഗിരീഷ്, മുനക്കക്കടവ് കോസ്റ്റൽ പൊലീസ് സബ് ഇൻസ്‌പെക്ടർ നന്ദൻ കെ. മാധവൻ, സ്രാങ്ക് എ.പി. വിനോദ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ചാവക്കാട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.വി. ബാബു അറിയിച്ചു.