കൊടുങ്ങല്ലൂർ: ഇരുവൃക്കകളും തകരാറിലായ പൂർവവിദ്യാർത്ഥി കൂടിയായ യുവതിയുടെ ചികിത്സാ സഹായ നിധിയിലേക്ക് കാര സെന്റ് ആൽബന എൽ.പി സ്കൂളിലെ കുരുന്നുകൾ സ്വരൂപിച്ച സംഖ്യ ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എയുടെ സാനിദ്ധ്യത്തിൽ ചികിത്സാ സഹായനിധിയിലേക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് എ.പി ആദർശ് കൈമാറി. ഇ.കെ. സജീവൻ, പ്രധാന അദ്ധ്യാപിക ജെസി, നെസീറ ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.

കാര പുളിഞ്ചോട് മങ്ങാട്ട് ഉണ്ണിക്കൃഷ്ണന്റെ മകളായ രേഷ്മ, വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ്. ചികിത്സയ്ക്കായ് ഏകദേശം 24 ലക്ഷം രൂപയാണ് വേണ്ടത്. നിർദ്ധന കുടുംബത്തിലെ അംഗമായ രേഷ്മയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാൻ ഗായിക പ്രിയ അച്ചു നടത്തിയ ഗാനമേളയുൾപ്പെടെയുള്ള പ്രവർത്തനം നടന്നു കഴിഞ്ഞു. പത്തനംതിട്ട സ്വദേശിയായ ഒരാളാണ് രേഷ്മയ്ക്കുള്ള വൃക്കദാതാവായത്.