തൃശൂർ: മേയർ മാറ്റം സംബന്ധിച്ച് സി.പി.ഐ - സി.പി.എം ചർച്ച അലസി. മേയർ അജിത വിജയൻ സ്ഥാനമൊഴിയണമെങ്കിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യത്തിൽ സി.പി.ഐ ഉറച്ച് നിന്നതോടെയാണ് തീരുമാനമാകാതെ പിരിഞ്ഞത്. ഇതു സംബന്ധിച്ചു സി.പി.എം നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് നിലപാടു മാറില്ലെന്ന് അറിയിച്ചത്.
ഇന്നലെ ഇടതുമുന്നണി യോഗം മറ്റുവിഷയങ്ങൾ ചർച്ച ചെയ്യാൻ ചേർന്നെങ്കിലും മേയറുടെ രാജിക്കാര്യം പരിഗണിച്ചില്ല. അതേ സമയം പ്രശ്‌നം വിഷയമല്ലെന്നാണ് സി.പി.ഐ നേതൃത്വത്തിന്റെ പ്രതികരണം. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ പദവി ഒഴിയില്ലെന്നു ഇടതുപക്ഷ ഘടകകക്ഷികളും വ്യക്തമാക്കിയിരുന്നു. അതോടെ പൊതുമരാമത്തു സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്റെ കസേര തെറിപ്പിക്കാനാണ് നീക്കമെന്നാണു സൂചന. ഏറെക്കാലമായി സി.പി.എം കോർപ്പറേഷൻ നേതൃത്വവുമായി വിഘടിച്ചു നിൽക്കുന്ന എം.പി. ശ്രീനിവാസനാണ് ഈ സമിതിയുടെ ചെയർമാൻ. ഇദ്ദേഹത്തെ തെറിപ്പിക്കാൻ മുൻകൂട്ടി തയാറാക്കിയ അജൻഡയാണ് ഇപ്പോഴത്തെ നീക്കമെന്നു ഘടകകക്ഷികൾക്കു പരാതിയുണ്ട്. മേയറുടെ രാജി ചില ഉപാധികളോടെയാണെന്നു വരുത്തി ഇടതുപക്ഷത്തെ മറ്റു ചിലരെ മാറ്റാനാണ് കരുനീക്കമെന്നു നേരത്തെ വിമർശനമുണ്ട്.
ഷീബബാബു തുടരും: ജനതാദൾ എസ്
തൃശൂർ: കോർപറേഷൻ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഷീബബാബു സ്ഥാനത്തു തുടരുമെന്നു ജനതാദൾ എസ് നേതൃത്വം അറിയിച്ചു. ഷീബ രാജിവയ്ക്കണമെന്നു മുമ്പു ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും വ്യക്തമാക്കി. മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണ്. ദളിന് അവസാന വർഷം മേയർ സ്ഥാനം വേണമെന്ന് ഇടതുമുന്നണി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം യോഗ മിനിറ്റ്‌സിലുമുണ്ട്. മേയറുടെ രാജിയും ദൾ പ്രതിനിധിയുടെ മാറ്റവും കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യവുമില്ലെന്നും നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ ഡേവിസ് അറിയിച്ചു...