വടക്കാഞ്ചേരി: പതിനെട്ടാം ശ്രീമദ് ഭാഗവത തത്വസമീക്ഷാ സത്രത്തിന് ഈ മാസം 20 ന് തുടക്കമാകുമെന്ന് സത്രസമിതി ഭാരവാഹികൾ അറിയിച്ചു. ഇത്തവണ പുതുതായി നിർമ്മിച്ച വേദിയിലാണ് സത്രം നടക്കുക. 3000 പേർക്ക് ഇരിക്കാവുന്ന കെട്ടിടത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇന്ത്യക്കകത്തും പുറത്തുമുള്ള പതിനായിരക്കണക്കിന് ശ്രോതാക്കൾ 10 ദിവസങ്ങളിലായി നടക്കുന്ന സത്രത്തിൽ പങ്കെടുക്കും.
സത്രത്തിന് മുന്നോടിയായി ധ്വജ ഘോഷയാത്ര, ഭാഗവത ഗ്രന്ഥ ഘോഷയാത്ര എന്നിവ നടക്കും കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി വീത ശങ്കരാനന്ദജി, ഉത്തരകാശി ആദിശങ്കര ബ്രഹ്മാ പീഠം മഠാധിപതി ഹരി ബ്രഹ്മോന്ദ്രാനന്ദ തീർത്ഥ, തെക്കേമഠീ മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനന്ദ തീർത്ഥ, ജനപ്രതിനിധികളായ അനിൽ അക്കര എം.എൽ.എ, എം.ആർ. അനൂപ് കിഷോർ തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിലും വ്യത്യസ്ഥ ദിവസങ്ങളിലുമായി സംബന്ധിക്കും.
ആയിരക്കണക്കിന് കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിഷ്ണു സഹസ്രനാമജപവും നടക്കും. സത്ര മന്ദിരത്തിന്റെ പവിത്രീകരണം 19ന് നടക്കും. ജ്ഞാനാശ്രമത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സ്വാമി നിഗമാനന്ദ തീർത്ഥ, സ്വാമി നിഖിലാന്ദ, കെ. വിജയൻ മേനോൻ, സാധു പത്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു.