മുറ്റത്തെ മുല്ല പദ്ധതി കുടുംബശ്രീയിലൂടെ നടപ്പാക്കുന്നത് വിശ്വാസ്യത മൂലം: മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ്

തൃപ്രയാർ: മുറ്റത്തെ മുല്ല പദ്ധതി കുടുംബശ്രീയിലൂടെ സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്നതായി മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ്. കുടുംബശ്രീയിലുള്ള വിശ്വാസ്യതയാണ് ഇതിനു പ്രേരകമായതെന്നും മന്ത്രി പറഞ്ഞു. നാട്ടിക സർവീസ് സഹകരണ ബാങ്ക് സുവർണ്ണ ജൂബിലി ആഘോഷ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നാട്ടിക ശ്രീനാരായണ ഹാളിൽ ചേർന്ന യോഗത്തിൽ ഗീത ഗോപി എം.എൽ.എ അദ്ധ്യക്ഷനായി. മുറ്റത്തെ മുല്ല പദ്ധതിയുടെ വായ്പയുടെ വിതരണം തളിക്കുളം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. എം.ആർ. സുഭാഷിണി നിർവഹിച്ചു. അസി. രജിസ്ട്രാർ കെ.കെ. സത്യഭാമ പദ്ധതി വിശദീകരണം നടത്തി. മുൻ ബാങ്ക് പ്രസിഡന്റുമാരെ ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണൻ ആദരിച്ചു.

മുൻ ബാങ്ക് സെക്രട്ടറിമാരെ നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു ആദരിച്ചു. മരണാനന്തര സഹായ പദ്ധതി പി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.വി. പീതാംബരൻ, ബാങ്ക് പ്രസിഡന്റ് കെ..കെ. ധർമ്മപാലൻ മാസ്റ്റർ, ബാങ്ക് സെക്രട്ടറി ടി.ഡി. സുമി എന്നിവർ സംസാരിച്ചു.