തൃശൂർ: പ്രതിരോധ നടപടികൾ ശക്തമാക്കുമ്പോഴും ഈ വർഷം ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്ന് പിടിച്ചെടുത്തത് 38 കഞ്ചാവ് ചെടികൾ. ഒരു കിലോഗ്രാമിന് താഴെ പിടികൂടിയാൽ ജാമ്യം ലഭിക്കുമെന്ന നിയമത്തിലെ പഴുത് മറയാക്കി കഞ്ചാവ് കടത്ത് അനിയന്ത്രിതമാകുന്നുവെന്നതിൻ്റെ തെളിവാണിത്.

കഞ്ചാവ് ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന പൊതുസ്ഥലങ്ങളിലാണ് ഭൂരിഭാഗം ചെടികളും എക്സൈസ് കണ്ടെത്തിയത്. ഡിസംബറിൽ മാത്രം ഏഴ് ചെടികൾ നശിപ്പിച്ചു. പാറമേക്കാവ് ക്ഷേത്രപരിസരം, കേരളവർമ്മ കോളേജ് എന്നിവിടങ്ങളിൽ നിന്നും കഞ്ചാവ് ചെടികൾ കണ്ടെടുത്തിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളും വിദ്യാർത്ഥികളും ഉപേക്ഷിച്ച കഞ്ചാവിൻ്റെ വിത്തിൽ നിന്ന് മുളച്ച ചെടികളാണ് ഇതെന്നാണ് എക്സൈസിൻ്റെ നിഗമനം.

വീട്ടിൽ നിന്ന് കഞ്ചാവ് ചെടി പിടിച്ചെടുത്താൽ ജാമ്യം കിട്ടാത്ത വകുപ്പ് ചുമത്തി ശിക്ഷിക്കും. അതുകൊണ്ടു തന്നെ ചിലർ പൊതുസ്ഥലങ്ങളിൽ കഞ്ചാവ് വിത്തുകൾ നിക്ഷേപിക്കുന്നതായും സംശയിക്കുന്നു. കഞ്ചാവിൻ്റെ പൂവും കായും തണ്ടുമാണ് ഉണക്കി ലഹരിക്കായി ഉപയോഗിക്കുന്നത്. കൈമാറ്റം ചെയ്യുന്നതിനും കൊണ്ടുപോകുന്നതിനും മദ്യത്തേക്കാൾ എളുപ്പമായതിനാൽ കഞ്ചാവ് കടത്തിന് കൗമാരക്കാരായ വിദ്യാർത്ഥികൾ വരെ ഇടനിലക്കാരാവുന്നുണ്ട്. ഇവരെ താക്കീത് ചെയ്ത് വിട്ടാലും വീണ്ടും തുടരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

ഈ വർഷം എക്സൈസ് പിടിച്ചെടുത്തത്:

കഞ്ചാവ്: 750 കിലോഗ്രാം.

നൈട്രോസെപാം ഗുളികകൾ: 405 എണ്ണം

എം.ഡി.എം.എ: 6 ഗ്രാം

ഹാഷിഷ് ഓയിൽ: 2.30 കി.ഗ്രാം

ഹാഷിഷ് : 126 ഗ്രാം

കേസുകൾ: 590

പ്രതികൾ: 568

24 മണിക്കൂർ കൺട്രോൾ റൂം

ക്രിസ്മസ്, പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് അബ്കാരി കുറ്റകൃത്യങ്ങൾ വർദ്ധിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് എക്‌സൈസ് വകുപ്പ് അയ്യന്തോളിലുളള ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ കാര്യാലയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ കൺട്രോൾ റൂമും താലൂക്ക് തലത്തിൽ എല്ലാ എക്‌സൈസ് സർക്കിൾ ഓഫീസുകളിലും കൺട്രോൾ റൂമുകളും തുറന്നു. ജനുവരി അഞ്ച് വരെ ഇവ പ്രവർത്തിക്കും.

#കുറ്റകൃത്യങ്ങൾ സംബന്ധിച്ച് നേരിട്ടും ഇന്റലിജൻസ് ഉദ്യോഗസ്ഥന്മാർ വഴിയും കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യുന്നതിന് സ്‌ട്രൈക്കിംഗ് ഫോഴ്‌സുകൾ.

#അനധികൃതമായ സ്പിരിറ്റ് സംസ്ഥാനത്തേക്ക് കടത്തുന്നതായോ കൈകാര്യം ചെയ്യുന്നതായോ ശ്രദ്ധയിൽപെട്ടാൽ അറിയിക്കുന്നവർക്ക് പ്രതിഫലം.

#കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരം നൽകുന്നവരുടെ പേര് വിവരം രഹസ്യമായി സൂക്ഷിക്കും.

അബ്കാരി കുറ്റകൃത്യങ്ങളും പരാതിയും അറിയിക്കാം:

ജില്ലാ കൺട്രോൾ റൂം: 0487 2361237,

ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ: 9447178060.