മാള: മാള മേഖലയിൽ കവർച്ചകൾ പെരുകുമ്പോൾ അംഗബലം കുറഞ്ഞ പൊലീസ് സേന നിസംഗതയിൽ കൈമലർത്തുന്നു. ഒരു വർഷത്തിനിടെ ചെറുതും വലുതുമായ എൺപതോളം മോഷണങ്ങൾ നടന്നിട്ടും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇതിൽ പലതും കേസ് രജിസ്റ്റർ ചെയ്യാത്ത സംഭവങ്ങളാണ്. അംഗബലം ശുഷ്‌കിച്ച പൊലീസ് കവർച്ചകൾക്കും മറ്റു കുറ്റകൃത്യങ്ങൾക്കും മുന്നിൽ പകച്ചു നിൽക്കുന്ന അവസ്ഥയിലാണ്.

മാള പൊലീസ് സ്റ്റേഷനിൽ പതിറ്റാണ്ടുകൾക്ക് മുൻപുള്ള അംഗബലം മാത്രമാണുള്ളത്. എന്നാൽ കേസിന്റെ കാര്യത്തിൽ ഓരോ വർഷവും വലിയ വർദ്ധനവും ഉണ്ടാകുന്നു. മാളയിൽ പഴയ നിലയിൽ തന്നെ 50 പേരാണ് ഇപ്പോഴും രേഖയിലുള്ളത്. എന്നാൽ ഇതും 46 ആയി കുറഞ്ഞിരിക്കുകയാണ്. അതേസമയം ഈ രേഖയിലുള്ള 46 പേരും പലപ്പോഴും ജോലിക്ക് ലഭിക്കാറില്ല.

ശബരിമല, ജനമൈത്രി, പിങ്ക് പൊലീസ്, ഹൈവേ പട്രോളിംഗ്, കോടതി, ട്രഷറി എന്നിങ്ങനെ വീതം വച്ചപ്പോൾ സ്റ്റേഷനിലെ കളം ശുഷ്‌കമായിട്ടുണ്ട്. ലഹരി വസ്തുക്കളുടെ വ്യാപാരവും ഉപയോഗവും അടക്കമുള്ള നിയമ ലംഘനം ഏറിയിട്ടുണ്ടെങ്കിലും അംഗബലം കുറഞ്ഞത് നടപടികൾക്ക് തടസമായിട്ടുണ്ട്. കേസ് അന്വേഷണത്തിനും രേഖകൾ തയ്യാറാക്കുന്നതിനും ഈ അംഗബലക്കുറവ് ബാധിച്ചിട്ടുണ്ടെന്നാണ് സൂചന.

രണ്ട് എസ്.ഐ ഉണ്ടായിരുന്നത് ഒന്നായി കുറഞ്ഞിട്ടുണ്ട്. കേസുകളുടെ എണ്ണം കൂടുമ്പോൾ സേനയുടെ അംഗസംഖ്യ കുറയുന്ന അവസ്ഥയിലാണ്. പൊലീസിന്റെ പരിമിതികൾ തിരിച്ചറിഞ്ഞായിരിക്കാം മോഷ്ടാക്കൾ അടക്കമുള്ള കുറ്റവാളികൾ മാള മേഖലയിൽ താവളം കണ്ടെത്തുന്നതെന്നാണ് സംശയിക്കുന്നത്. രാത്രികാല പട്രോളിംഗ് കാര്യക്ഷമമാക്കുന്നതിന് അംഗങ്ങളുടെ കുറവ് തിരിച്ചടിയാണ്.

അംഗബലമില്ലാതെ പൊലീസ്

മാള സ്റ്റേഷനിൽ ഇപ്പോഴുള്ളത് - 46 പൊലീസുകാർ

മാളയിൽ കണക്ക് പ്രകാരം വേണ്ടത് - 50 പൊലീസുകാർ

ഇതര ഡ്യൂട്ടിക്ക് പോകുമ്പോൾ അംഗബലം കൂടുതൽ കുറയും

രണ്ട് എസ്.ഐമാർ ഉണ്ടായിരുന്നത് ഒരാളായി കുറഞ്ഞു

രാത്രികാല പട്രോളിംഗ് ഫലപ്രദമല്ല, മോഷണം പെരുകുന്നു