തൃശൂർ : ഷോപ്പിംഗ് ഫെസ്റ്റിവൽ, ക്രിസ്മസ്, പുതുവത്സരം... ആഘോഷത്തിമിർപ്പിലേക്ക് നഗരം നീങ്ങുമ്പോൾ മുന്നറിയിപ്പില്ലാതെ റോഡ് അറ്റകുറ്റപ്പണികളുമായി കോർപറേഷൻ റോഡിലിറങ്ങിയപ്പോൾ നട്ടം തിരിഞ്ഞത് നൂറുകണക്കിന് യാത്രക്കാർ. ഇന്നലെ മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായുള്ള പൊലീസിന്റെ സുരക്ഷാ ക്രമീകരണങ്ങളും കൂടിയായതോടെ നഗരത്തിലെത്തിയ ഭൂരിഭാഗം യാത്രക്കാരും പെരുവഴിയിലായി. ബൈക്ക് യാത്രക്കാരും മറ്റും സ്വകാര്യ വാഹനക്കാരും ഏറെനേരം കുരുക്കിൽ കുരുങ്ങി. അമൃത് പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യത്തിന് മുറവിളി ആരംഭിച്ചിട്ട് മാസങ്ങൾ ഏറെയായി.എന്നാൽ ഒന്നും നടന്നില്ല. മഴ ഒഴിഞ്ഞതോടെ കടുത്ത പൊടിശല്യവുമുണ്ട്.
വെളിയന്നൂർ റോഡ് ടാറിംഗ് ഇതുവരെയും ആരംഭിച്ചിട്ടില്ല. കോർപറേഷന്റെയോ, പൊലീസിന്റെയോ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഹൈറോഡ് ടാറിംഗ് നടത്തിയത്. ഹൈ റോഡിലേക്ക് ഒറ്റ വാഹനം പോലും കടത്തി വിടാൻ പൊലീസ് തയ്യാറാകാതിരുന്നത് യാത്രക്കാരെയും കച്ചവടക്കാരെയും ദുരിതത്തിലാക്കി. ഇത്തരം പണികൾ നടത്തുമ്പോൾ മുൻകൂട്ടി അറിയിപ്പുകൾ നൽകാറുള്ളതാണെന്ന് വ്യാപാരികൾ പറയുന്നു. പുഴയ്ക്കൽ-പൂങ്കുന്നം, എം.ജി.റോഡ്, ശക്തൻ,വെളിയന്നൂർ, കെ.എസ്.ആർ.ടി.സി എന്നിവിടങ്ങളില്ലെല്ലാം യാത്രക്കാർ കുരുക്കിൽപ്പെട്ടു.

സബ്‌വേയിൽ സുരക്ഷയില്ല

ഗതാഗതത്തിരക്ക് കുറയ്ക്കാനും കാൽനടയാത്രക്കാരുടെ സൗകര്യത്തിനുമായി തൃശൂർ എം.ഒ റോഡിൽ സ്ഥാപിച്ച പുതിയ സബ്‌വേയിൽ സുരക്ഷാ സംവിധാനങ്ങളില്ലാത്തതും ആക്ഷേപത്തിന് വഴിയൊരുക്കി. ഒന്നേ മുക്കാൽ കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച് കഴിഞ്ഞദിവസം തുറന്നുകൊടുത്ത സബ്‌വേയിൽ സി.സി.ടി.വിയോ സെക്യൂരിറ്റി ജീവനക്കാരോ ഇല്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. തറയിലും ചുമരിലും ടൈൽ, എൽ.ഇ.ഡി ഡിസ്‌പ്ലേ, അലങ്കാര ലൈറ്റുകൾ, യാത്രികർക്ക് ദാഹമകറ്റാൻ കുടിവെള്ള സംവിധാനം, ഫയർ എക്സ്റ്റിംഗ്വിഷർ, മൊബൈൽ റീചാർജിംഗിന് പ്ലഗുകൾ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളോടെയുള്ള സബ്‌വേ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോർപറേഷൻ നിർമ്മിച്ചത്. എന്നാൽ സ്ത്രീകളും കുട്ടികളും അടങ്ങുന്നവർ കടന്നു പോകുന്ന സബ്‌വേയിൽ സുരക്ഷയ്ക്കായി കാമറകളോ, സെക്യൂരിറ്റി ജീവനക്കാരോ ഇല്ല എന്നുള്ളതാണ് ഏറെ വിമർശനത്തിനിടയാക്കിയത്. സബ് വേ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് വിട്ടുനിന്ന കോൺഗ്രസ് ഇതിനെതിരെ പരാതി നൽകിയിട്ടുണ്ട്.

മറ്റ് പരാതികൾ

മൊബൈൽ ചാർജിംഗിനായും മറ്റുമായി ആളുകൾ സബ്‌വേയിൽ തമ്പടിക്കുന്നു.

സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും രാത്രികാലങ്ങളിൽ സുരക്ഷയില്ല

പൊലീസിൻ്റെയും സെക്യൂരിറ്റി ജീവനക്കാരുടേയും വേണ്ടത്ര ശ്രദ്ധയും ലഭിക്കുന്നില്ല

സബ് വേ തുറന്നിട്ടും റോഡ് മുറിച്ചുകടക്കുന്നവരെ ബോധവത്ക്കരിക്കുന്നില്ല

ഫുട്പാത്തില്‍ കൈവരി സ്ഥാപിച്ച് റോഡ് മുറിച്ചുകടക്കുന്നവരെ തടയാൻ ശ്രമിച്ചില്ല