പോത്തൻചിറയിൽ കൊടുങ്ങ സ്വദേശി പാറക്കൽ പൗലോസിന്റെ പറമ്പിലെ തെങ്ങുകൾ കാട്ടാനകൾ നശിപ്പിച്ച നിലയിൽ.
കൊടകര: മൂന്ന് വർഷത്തോളമായി തുടരുന്ന കാട്ടാനശല്യം കഴിഞ്ഞ രാത്രിയിലും തുടർന്നു. കൊടുങ്ങ സ്വദേശി പാറക്കൽ പൗലോസിന്റെ പോത്തൻചിറയിലുള്ള പറമ്പിലെ നാല് തെങ്ങുകളും, 15 കവുങ്ങുകളുമാണ് കാട്ടാനകൂട്ടം മറിച്ചിട്ടത്. 80 തെങ്ങുകൾ ഉണ്ടായിരുന്ന പറമ്പിലെ 34 തെങ്ങുകൾ ഇതിനകം മറിച്ചിട്ടു. 100 ൽ പരം കവുങ്ങുകളും രണ്ടു മാസത്തിനുള്ളിൽ പൗലോസിന് നഷ്ടമായി. കർഷകർക്കുണ്ടായ നഷ്ടം നികത്തണമെന്നും കൃഷിസ്ഥലങ്ങൾ സംരക്ഷിക്കാൻ നടപടിയെടുക്കണമെന്നും പൗലോസ് ആവശ്യപ്പെട്ടു.
വേനലിൽ കാട്ടാനകൾക്ക് കുളിക്കാനും കുടിക്കാനുമായി വില്ലു കുന്ന് മലയിലെ ചണ്ണക്കാട്, മണവാളൻവര തുടങ്ങിയ സ്ഥലത്ത് വനംവകുപ്പ് നിർമിച്ച തടയണക്കരികിലാണ് കാട്ടാനകളുടെ താവളം. നേരം ഇരുട്ടുന്നതോടെ ആനകൾ ജനവാസകേന്ദ്രത്തിലെത്തുകയാണ്. സ്‌പെഷൽ ഫോറസ്റ്റ് ഓഫീസർ എം.ആർ. മോഹനന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനകളെ കാട്ടിലേക്ക് ഓടിച്ചതായി അറിയിച്ചു.