തൃശൂർ: നാട്ടാന പരിപാലന നിയമഭേദഗതി സംബന്ധിച്ച ആനയുടമകളുടെ ആശങ്ക പരിഹരിക്കുമെന്നും ഉടമസ്ഥ സംഘടനയുമായി ചർച്ച ചെയ്തു മാത്രമേ നടപ്പിലാക്കൂവെന്നും വനം മന്ത്രി കെ. രാജു. എലിഫന്റ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ് അദ്ധ്യക്ഷനായി. മന്ത്രി വി.എസ്. സുനിൽകുമാർ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് കെ. സതീഷ് മേനോൻ, തിരുവമ്പാടി ദേവസ്വം സെക്രട്ടറി എം. മാധവൻകുട്ടി, ടി.എൻ. അരുൺകുമാർ, അസോസിയേഷൻ ജനറൽ സെക്രട്ടറി ബി. ചന്ദ്രചൂഡൻപിള്ള, ചെർപ്പുളശ്ശേരി രാജു എന്നിവർ പ്രസംഗിച്ചു. ആന ചികിത്സാരംഗത്തെ മികച്ച സേവനത്തിന് ആവണപറമ്പ് മഹേശ്വരൻ നമ്പൂതിരി, ഡോ. പി.ബി. ഗിരിദാസ്, ഡോ. യു. ഗിരീഷ്, മികച്ച വാദ്യകലാകാരൻ കേളത്ത് അരവിന്ദാക്ഷമാരാർ, മികച്ച ആന പാപ്പാൻ വേലായുധൻ നായർ എന്നിവരെയും മികച്ച ആനപ്രേമി കൂട്ടായ്മയായ തിരുമാന്ധാംകുന്ന് തട്ടകം ആനപ്രേമി കൂട്ടായ്മയെയും ആദരിച്ചു.