ഗുരുവായൂർ: തിരുവെങ്കിടം റെയിൽവേ അടിപ്പാത ഒരു വർഷത്തിനകം പൂർത്തിയാക്കും. ദക്ഷിണ റെയിൽവേ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് (നിർമാണം) അടിപ്പാത ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് നഗരസഭാ സെക്രട്ടറിയെ അറിയിച്ചത്. അടിപ്പാതയുടെ വിശദമായ പദ്ധതി രൂപരേഖയും ഡ്രോയിംഗുകളും എസ്റ്റിമേറ്റും നഗരസഭക്ക് കൈമാറി. പദ്ധതി നടപ്പാക്കാൻ കഴിയുന്നതാണെന്ന് തങ്ങളുടെ പഠനത്തിൽ വ്യക്തമായതായി നഗരസഭയെ അറിയിച്ചിട്ടുണ്ട്.

നേരത്തെ തിരുവെങ്കിടത്ത് റെയിൽവേ ഗേറ്റ് ഉണ്ടായിരുന്ന ഭാഗത്താണ് അടിപ്പാത നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ഏകദേശം നാല് കോടി രൂപയാണ് അടിപ്പാതയുടെ നിർമ്മാണത്തിന് വേണ്ടത്. എം.പി ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കുകയാണെങ്കിൽ 1.11കോടി രൂപ റെയിൽവേ വഹിക്കും. ബാക്കി വരുന്ന 2.79 കോടി രൂപ റെയിൽവേക്ക് നൽകിയാൽ മതി. അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിന് 98 ലക്ഷം രൂപ ചെലവ് വരും. ഇതും നഗരസഭ വഹിക്കണം. മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുമ്പോൾ അത് ഒഴിവാക്കേണ്ട പമ്പിംഗ് നഗരസഭയുടെ ചുമതലയാണ്. അപ്രോച്ച് റോഡിന് വേണ്ട സ്ഥലം ഏറ്റെടുക്കേണ്ടതുമുണ്ട്. അപ്രോച്ച് റോഡിനായി ദേവസ്വത്തിന്റേത് അടക്കമുള്ള ഭൂമി വിട്ടുകിട്ടേണ്ടതുണ്ട്. അടിപ്പാതയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള 8.12 ലക്ഷം രൂപ നഗരസഭ നേരത്തെ കൈമാറിയിരുന്നു.

അടിപ്പാതക്ക് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് ബ്രദേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള റെയിൽവെ ആക്ഷൻ കൗൺസിൽ ടി.എൻ. പ്രതാപൻ എം.പി.യോട് ആവശ്യപ്പെട്ടു. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളെ തുടർന്നാണ് അടിപ്പാതക്ക് അനുമതി ലഭിച്ചത്. കെ.ടി. സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ, രവികുമാർ കാഞ്ഞുള്ളി, പി.ഐ. ലാസർ, പി.എസ്. പ്രസാദ്, ശ്രീദേവി ബാലൻ, സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി, മുരളി അകമ്പടി, കെ.എം.കെ. നായർ തുടങ്ങിയവർ സംസാരിച്ചു.