തട്ടിപ്പ് ഒഴിവാക്കാൻ സമിതി രൂപീകരിക്കും
തൃശൂർ: പ്രവാസി ഡിവിഡന്റ് പദ്ധതിയിലുളള നിക്ഷേപത്തിന് സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഗ്യാരണ്ടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പ്രവാസി ക്ഷേമബോർഡ് മുഖനേ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നിക്ഷേപാധിഷ്ഠിത വരുമാന പദ്ധതിയായ പ്രവാസി ഡിവിഡന്റ് പദ്ധതി നാടിന് സമർപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രവാസജീവിതം മതിയാക്കി തിരിച്ചുവരുന്ന പ്രവാസികളുടെയും കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പ് വരുത്തുന്നതിനോടൊപ്പം വികസന പ്രവർത്തനങ്ങൾക്കുളള നിക്ഷേപപദ്ധതി ആയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. മൂന്ന് ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന പദ്ധതിയിൽ നിക്ഷേപകർക്ക് സർക്കാർ വിഹിതം ഉൾപ്പെടെ 10 ശതമാനം ഡിവിഡന്റ് ലഭിക്കും. ആദ്യ 3 വർഷങ്ങളിലെ 10 ശതമാനം ഡിവിഡൻ്റ് തുക നിക്ഷേപത്തുകയോട് കൂട്ടിച്ചേർക്കുകയും നാലാം വർഷം മുതൽ നിക്ഷേപകർക്കോ അവകാശികൾക്കോ പ്രതിമാസ ഡിവിഡൻ്റ് ലഭ്യമാക്കുകയും ചെയ്യും. കിഫ്ബി വഴിയാണ് മുഖ്യമായും നിക്ഷേപത്തുക വിനിയോഗിക്കുക.
നിക്ഷേപത്തട്ടിപ്പുകളും മറ്റും ഒഴിവാക്കാൻ സംസ്ഥാനത്ത് പ്രവാസി നിക്ഷേപ സഹായ കേന്ദ്രങ്ങൾ ആവശ്യമാണ്.
സുരക്ഷിതമല്ലാത്ത പദ്ധതികളിൽ നിക്ഷേപിച്ച് വഞ്ചിതരാകുന്ന പ്രവാസികളുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാതലങ്ങളിൽ നിക്ഷേപ ഉപദേശക സമിതി രൂപീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. സാമ്പത്തിക വിദഗ്ദ്ധരെയും പ്രൊഫഷണലുകളേയും ഉൾപ്പെടുത്തിയാവും വിദഗ്ധ സമിതി രൂപീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയിൽ ആദ്യ നിക്ഷേപതുകയായ 40 ലക്ഷം രൂപയ്ക്കുള്ള സർട്ടിഫിക്കറ്റ് പ്രവാസിയായ ഡോ. റീമോൾ അലക്‌സിന് വേണ്ടി ബന്ധു തോമസ് ഡാനിയിൽ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. പ്രമുഖ വ്യവസായികളായ ഉജാല രാമചന്ദ്രൻ, കെ.കെ. രാമകൃഷ്ണൻ കൊടകര, പ്രമോദ്, പ്രവീൺ എന്നിവർ നിക്ഷേപ തുകയുടെ ചെക്കുകൾ മുഖ്യമന്ത്രിക്ക് കൈമാറി. മന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷനായി. കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ് പദ്ധതി വിശദീകരിച്ചു.
മന്ത്രിമാരായ എ.സി. മൊയ്തീൻ, പ്രൊഫ. സി. രവീന്ദ്രനാഥ്, ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, കെ.വി. അബ്ദുൾഖാദർ എം.എൽ.എ, മേയർ അജിത വിജയൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു. അഡീഷണൽ ചീഫ് സെക്രട്ടറി കെ. സത്യജിത്ത് രാജൻ സ്വാഗതവും കേരള പ്രവാസി ക്ഷേമ ബോർഡ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ എം. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. രമേശ് നാരായണൻ, വി.ടി. മുരളി, സിത്താര, മധുശ്രീ നാരായണൻ എന്നിവർ സംഗീതപരിപാടി അവതരിപ്പിച്ചു.