ഗുരുവായൂർ: ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ പ്രമുഖ കൊമ്പൻമാരായ ഗജരത്‌നം പത്മനാഭനും, വലിയ കേശവനും വിലക്കേർപ്പെടുത്തിയ സംഭവത്തിൽ വനം മന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി സി.പി.എം നേതാവും മുൻ എം.എൽ.എയുമായ ബാബു എം. പാലിശ്ശേരി രംഗത്ത്. മന്ത്രിയാണ് വകുപ്പിന്റെ ഉയർന്ന തലത്തിലിരിക്കുന്നതെന്ന് മന്ത്രിക്കെങ്കിലും മനസ്സിലാവണമെന്ന് അദ്ദേഹം പറഞ്ഞു. കൊമ്പൻമാർക്ക് വിലക്ക് ഏർപ്പെടുത്തിയതിനെതിരെ കേരള ഫെസ്റ്റിവൽ കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂരിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു ആന തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ ബാബു എം. പാലിശ്ശേരി. ആശയക്കുഴപ്പങ്ങളുണ്ടാക്കി മുന്നോട്ടു പോകുന്നത് നല്ല രീതിയല്ല. കമ്മിറ്റിയിലെടുക്കാത്ത തീരുമാനം നടപ്പിലാക്കുകയാണ് അധികൃതർ ചെയ്യുന്നത്. അനകൾക്ക് നിരോധനം ഏർപ്പെടുത്തിയതിനു പിന്നിൽ ചിലർ ഒളിഞ്ഞിരിപ്പുണ്ടെന്നും സർക്കാർ ഇത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി കക്കാട് വാസുദേവൻ നമ്പൂതിരി ഭദ്ര ദീപം തെളിച്ച് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. പി ശശികുമാർ, വത്സൻ ചമ്പക്കര, ഗുരുവായൂർ നഗരസഭാ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, കുന്നംകുളം നഗരസഭ വൈസ് ചെയർമാൻ പി.എം. സുരേഷ്, ഗുരുവായൂർ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഷൈലജ ദേവൻ, തൃശൂർ കോർപറേഷൻ കൗൺസിലറും മോണിറ്ററിംഗ് കമ്മിറ്റി അംഗവുമായ കെ. മഹേഷ്, എ.എ. കുമാരൻ, വി. വേണുഗോപാൽ, സുരേഷ് വാര്യർ, ശോഭ ഹരിനാരായണൻ, ശ്രീദേവി ബാലൻ, പ്രിയ രാജേന്ദ്രൻ, സേതു തിരുവെങ്കിടം, ശശി വാർണാട്ട്, ബിന്ദു നാരായണൻ, യു.കെ. നാരായണൻ, കെ.പി. ഉദയൻ എന്നിവർ സംസാരിച്ചു.