'ഹാപ്പി ഡേയ്‌സ്' നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കം; മറ്റിടങ്ങളിലും തുടങ്ങുമെന്ന് മുഖ്യമന്ത്രി
തൃശൂർ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യം, കഴിഞ്ഞ 70 വർഷത്തിനിടയിലെ വലിയ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോർപറേഷനും വ്യാപാരി സമൂഹവും ചേർന്ന് നഗരത്തിലാരംഭിച്ച 'ഹാപ്പി ഡേയ്‌സ്' നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഈ അവസ്ഥയുടെ കാരണങ്ങളിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ല. മാന്ദ്യം നേരിടാനുള്ള ഏറ്റവും നല്ല ഉപാധികളിലൊന്ന് സാമ്പത്തിക മേഖലയിൽ പണത്തിന്റെ ചംക്രമണം കൂട്ടുകയാണ്. എന്നാൽ മാത്രമേ സാമ്പത്തിക മേഖലയിൽ ഉണർവുണ്ടാക്കാൻ സാധിക്കൂ. നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ വ്യാപാര മേഖലയിൽ നവോന്മേഷവും ചടുലതയുമുണ്ടാകും. ജനകീയ പ്രതിരോധത്തിന്റെ സ്വഭാവത്തിലുള്ള സാമ്പത്തിക മുന്നേറ്റമാണിത്. തൃശൂരിന്റെ സമ്പന്നമായ വ്യാപാര പാരമ്പര്യത്തിന്റെ തുടർച്ച കൂടിയാണിത്. സംസ്ഥാനത്തു നൈറ്റ് ഷോപ്പിംഗിന് അനുയോജ്യമായ മറ്റു നഗരങ്ങളിൽ കൂടി ഇത്തരം സംരംഭങ്ങൾ ആരംഭിക്കും. ജില്ലാ ഭരണകൂടങ്ങളെ ഇതിന് ചുമതലപ്പെടുത്തും. മാന്ദ്യം ബാധിച്ചിരിക്കുന്ന മറ്റു മേഖലകളെ എങ്ങനെ ഉണർത്താമെന്ന് ഓരോരുത്തരും ചിന്തിക്കണം. നൈറ്റ് ഷോപ്പിംഗ് സ്വഭാവമുള്ള ഗുരുവായൂർ നഗരത്തെ ഒന്നുകൂടി മെച്ചപ്പെടുത്താൻ വേണ്ടതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മേയർ അജിത വിജയൻ അദ്ധ്യക്ഷയാകും. സമ്മാനക്കൂപ്പണിന്റെയും അനുബന്ധ ഇന്റർനെറ്റ് ആപ്ലിക്കേഷനുകളുടെയും ഉദ്ഘാടനം മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, എ.സി. മൊയ്തീൻ, സി. രവീന്ദ്രനാഥ് എന്നിവർ നിർവഹിച്ചു. ചീഫ് വിപ്പ് കെ. രാജൻ, ഫെസ്റ്റിവൽ ജനറൽ കൺവീനർ ടി.എസ്. പട്ടാഭിരാമൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കളക്ടർ എസ്. ഷാനവാസ്, ഡി.ഐ.ജി എസ്. സുരേന്ദ്രൻ, ജോയ് ആലുക്കാസ് ഗ്രൂപ്പ് സി.എം.ഡി: ജോയ് ആലുക്കാസ്, കല്യാൺ ജ്വല്ലേഴ്‌സ് സി.എം.ഡി: ടി.എസ്. കല്യാണരാമൻ, ഡെപ്യൂട്ടി മേയർ റാഫി ജോസ്, കോർപറേഷൻ പ്രതിപക്ഷ നേതാവ് എം.കെ. മുകുന്ദൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.ബി. മോഹനൻ, ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാൾ, തിരുവമ്പാടി ദേവസ്വം സെക്രട്ടറി എം. മാധവൻകുട്ടി, ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ടി.ആർ. വിജയകുമാർ, സെക്രട്ടറി എം.ആർ. ഫ്രാൻസിസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൽ ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു.