തൃശൂർ: കേരളത്തിൽ ഏറ്റവും അധികം ഇതര സംസ്ഥാനക്കാർ പാർക്കുന്ന പെരുമ്പാവൂർ മേഖലയിൽ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഒമ്പത് കൊലപാതമാണ് അവർ നടത്തിയതെന്ന് പൊലീസ്. എന്നാൽ ഓരോ ജില്ലകളിലും എത്രമാത്രം ഇതരസംസ്ഥാനക്കാർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നുണ്ടെന്നത് സംബന്ധിച്ച് കണക്കില്ല. അവരുടെ വ്യക്തിഗതവിവരങ്ങൾ കൃത്യമായി ശേഖരിക്കാനുളള ശ്രമവുമില്ല. കഴിഞ്ഞമാസം ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മണ്ണുത്തിയിൽ ഡോക്ടറുടെ വീട്ടിൽ കവർച്ച നടത്തിയ സംഭവത്തിലും ഇതരസംസ്ഥാനക്കാരായിരുന്നു പ്രതിക്കൂട്ടിൽ. കഞ്ചാവ്, പുകയില ഉത്പന്നങ്ങൾ, മയക്കുമരുന്ന്, മറ്റ് ലഹരിവസ്തുക്കൾ എന്നിവയുടെ വിൽപ്പനയിലും സ്ത്രീപീഡനത്തിലും സാമ്പത്തികതട്ടിപ്പിലുമെല്ലാം ഉൾപ്പെടുന്ന ഇതരസംസ്ഥാനക്കാരുടെ എണ്ണം കൂടുകയാണ്. ശനിയാഴ്ച പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ നിർമാണത്തിനെത്തിയ ഇതര സംസ്ഥാനതൊഴിലാളി സമീപത്തെ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ മർദ്ദിച്ചതോടെ ഭയാശങ്കകളേറി. കുരിശുമൂലയ്ക്കു സമീപം ഇളന്തോളി സുന്ദരന്റെ ഭാര്യ ഷീലയ്ക്കാണ് (52) ബംഗാളി തൊഴിലാളിയുടെ മർദനമേറ്റത്. ഇവർ ആശുപത്രിയിലാണ്.
നാല് പ്രധാന വീഴ്ചകൾ:
ഇതരസംസ്ഥാനക്കാർക്ക് തൊഴിലും താമസസൗകര്യവും നൽകുമ്പോൾ പൊലീസ് സ്റ്റേഷനിൽ വിവരങ്ങൾ നൽകുന്നില്ല.
ഇതരസംസ്ഥാന തൊഴിലാളികളായി തീവ്രവാദികളും ക്രിമിനലുകളുമുണ്ടെന്ന ഇന്റലിജന്റ്സ് റിപ്പോർട്ട് ഗൗനിക്കുന്നില്ല
കൃത്യമായ പരിശോധനകളും കർക്കശമായ നിയമനടപടികളും സ്വീകരിക്കുന്നതിൽ പൊലീസിന് അലംഭാവം.
തൊഴിലാളി ഏജന്റുമാർക്ക് രൂപരേഖകൾ നൽകി ലൈസൻസും തിരിച്ചറിയൽ രേഖകളും അനുവദിക്കുന്നതിൽ വീഴ്ച.
പാർക്കിലെ തൊഴിലാളികളെ നിയന്ത്രിക്കും
പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെ നിയന്ത്രിക്കാനും, നിരീക്ഷിക്കാനും നടപടി സ്വീകരിക്കാൻ സർക്കാർ ചീഫ് വിപ്പ് കെ. രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. വിവിധ കമ്പനികളുടെ കീഴിൽ പ്രവർത്തിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ ഫോട്ടോ, പാൻ കാർഡ്, തിരിച്ചറിയൽ രേഖ, തിരിച്ചറിയൽ അടയാളം എന്നിവ കൃത്യമായി രേഖപ്പെടുത്തിയ പ്രത്യേക രജിസ്റ്റർ തയ്യാറാക്കും. തൊഴിലാളികൾക്ക് അതത് കമ്പനികൾ പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകണം. പാർക്കിന്റെ നിർമ്മാണ പ്രവർത്തനം നടക്കുന്ന സ്ഥലങ്ങൾ, താമസ സ്ഥലങ്ങൾ, ജനവാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ അടിയന്തര പ്രാധാന്യത്തോടെ സി.സി.ടി.വി കാമറ സ്ഥാപിക്കും. മണ്ണ് കൂട്ടിയിട്ട സ്ഥലങ്ങളിൽ പി.എൻ.എസ്.സി കമ്പനിയുടെ നേതൃത്വത്തിൽ ദിവസത്തിൽ രണ്ട് തവണ വെള്ളം നനയ്ക്കണം. പൊലീസും, ഫോറസ്റ്റ് ഉദ്യോഗസ്ഥരും കർശനമായി പട്രോളിംഗ് ഏർപ്പെടുത്താനും പാർക്ക് സ്‌പെഷ്യൽ ഓഫീസർ ദീപ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ നിർദേശിച്ചു.
................
''പ്രധാന കരാർ കമ്പനിയായ പി.എൻ.എസ്.സിയുടെ അധികൃതരെ അടിയന്തരമായി സമൻസ് അയച്ചു വരുത്തും. പരിക്കുപറ്റി ചികിത്സയിൽ കഴിയുന്ന വീട്ടമ്മയുടെ മുഴുവൻ ചികിത്സാ ചെലവും, നഷ്ടപരിഹാരവും കരാർ കമ്പനി നൽകണം. ''
കെ. രാജൻ, ചീഫ് വിപ്പ്.
................
'' പ്രതികൾക്കെതിരെ കൊലക്കുറ്റം, ഭവനഭേദനം, സ്ത്രീകളെ ആക്രമിക്കൽ, ഉൾപ്പെടെയുള്ള വകുപ്പുകൾ ഉപയോഗിച്ച് കേസ് എടുത്തിട്ടുണ്ട്. പ്രതികളെ ഉടൻ കണ്ടെത്തും. ഇത്തരം സംഭവങ്ങളില്ലാതിരിക്കാൻ ശക്തമായ നടപടികൾ കൈകൊള്ളും.''
ബെന്നി ജേക്കബ്, സി.ഐ, ഒല്ലൂർ പൊലീസ്...