ഗുരുവായൂർ: ക്ഷേത്രത്തിലെ നാഴിക മണിയിൽ നിന്നും കൂട്ടമണിയടിക്കുന്ന ശബ്ദം കേട്ട് ഭക്തർ പരിഭ്രാന്തരായി. ക്ഷേത്രം ജീവനക്കാരും ഭക്തരും ഓടിയെത്തിയപ്പോൾ കൂട്ടമണിയുടെ ഗൗരവമറിയാതെ കൂട്ടമണിയടിച്ച ഭക്തനും അങ്കലാപ്പിലായി.

കഴിഞ്ഞ ദിവസം രാത്രിയാണ് ക്ഷേത്രത്തിൽ നാഴികമണി നിറുത്താതെ അടിച്ചത്. തെലുങ്കാനയിൽ നിന്നെത്തിയ ഭക്തനാണ് മണിയടിച്ചത്. കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങളിൽ മണിയടിച്ചു തൊഴുന്നത് പതിവാണ്. ഇത് ഉദ്ദേശിച്ചാണ് താൻ മണിയടിച്ചതെന്ന് ഭക്തൻ പറഞ്ഞു. എന്നാൽ ക്ഷേത്രത്തിൽ കൂട്ടമണിയടിക്കുന്നത് അപകട സൂചനയാണെന്നറിയിച്ചതോടെ ഭക്തൻ ക്ഷമാപണം നടത്തി.

ഗുരുവായൂർ ക്ഷേത്രത്തിൽ സമയമറിയിക്കാൻ ഓരോ മണിക്കൂറും ഇടവിട്ട് കൃത്യമായി നാഴികമണി അടിക്കുന്ന പതിവുണ്ട്. ഈ മണിക്കയറിൽ പിടിച്ചാണ് ഭക്തൻ കൂട്ടമണിയടിച്ചത്. പതിറ്റാണ്ടുകൾക്ക് മുമ്പ് ക്ഷേത്രം അഗ്നിക്കിരയായപ്പോൾ കൂട്ടമണിയടിച്ചായിരുന്നു അപകടവിവരം നാട്ടുകാരെ അറിയിച്ചിരുന്നത്.