തൃശൂർ: പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ 55-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതിർന്ന അഭിഭാഷകൻ വി.വി. ഗിരി മുഖേന കേന്ദ്ര സർക്കാരിന്റെ നടപടി കോടതിയിൽ ചോദ്യം ചെയ്യും.
ഇക്കാലഘട്ടത്തിൽ രാജ്യത്ത് മതേതര ശക്തികളുടെ കൂട്ടായ്മ രൂപപ്പെടേണ്ടത് അനിവാര്യമാണ്. കൂടുതൽ ഗുരുതരമായ കാര്യങ്ങളാണ് വരാനിരിക്കുന്നത്. ഇനി ഏക സിവിൽ കോഡും പ്രസിഡൻഷ്യൽ ഭരണക്രമവും വന്നേക്കാം. പൗരത്വത്തിന് അടിസ്ഥാനം മതവും ജാതിയുമാണെന്ന് വരുന്നത് അപകടമാണ്. ഇത് മുസ്ലിംകളെ മാത്രം ബാധിക്കുന്ന വിഷയമാണെന്ന കാഴ്ചപ്പാടിനോട് യോജിപ്പില്ല.
ആംഗ്ലോ ഇന്ത്യൻ പ്രതിനിധിക്ക് പാർലമെന്റിലും നിയമസഭകളിലും പ്രാതിനിദ്ധ്യം നൽകുന്നത് നിറുത്തലാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞ കണക്കെല്ലാം തെറ്റാണ്. കേരളത്തിൽ 26 പേർ മാത്രമാണുള്ളതെന്ന് അമിത് ഷാ പറഞ്ഞു. എന്നാൽ, ആയിരക്കണക്കിന് ആംഗ്ലോ ഇന്ത്യൻ വിഭാഗക്കാരുണ്ട്. ഭരണഘടന കാലോചിതമായി പരിഷ്‌കരിക്കാമെങ്കിലും അതിന്റെ അടിസ്ഥാന ശില മാറ്റരുതെന്നും ചെന്നിത്തല പറഞ്ഞു.
പത്രപ്രവർത്തക യൂണിയൻ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.പി. റെജി അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ മന്ത്രി വി.എസ്. സുനിൽ കുമാറും ചീഫ് വിപ്പ് കെ. രാജനും മുഖ്യാതിഥികളായി. ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഇ.എസ്. സുഭാഷ്, കമാൽ വരദൂർ, സി. നാരായണൻ, ജനറൽ കൺവീനർ എം.വി. വിനീത, തൃശൂർ പ്രസ്‌ക്ലബ് പ്രസിഡന്റ് കെ. പ്രഭാത് തുടങ്ങിയവർ പങ്കെടുത്തു.