ഗുരുവായൂർ: നിർമ്മാണം കഴിഞ്ഞ് മാസങ്ങളായിട്ടും തുറന്നു കൊടുക്കാത്ത കിഴക്കെനടയിലെ ഫെസിലിറ്റേഷൻ സെന്റർ തുറന്നുകൊടുക്കാൻ അടുത്ത കേന്ദ്ര മന്ത്രിസഭാ യോഗത്തിനു ശേഷം നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ചേംബർ ഒഫ് കോമേഴ്‌സ് ഭാരവാഹികൾ മന്ത്രിക്ക് നൽകിയ നിവേദനത്തിനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര സർക്കാരിന്റെ പ്രസാദ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നഗരസഭാ ബസ് സ്റ്റാൻഡിന് സമീപം ഫെസിലിറ്റേഷൻ സെന്റർ നിർമ്മിച്ചത്. മൂന്നു മാസത്തിലേറെയായി നിർമ്മാണം പൂർത്തിയായിട്ടെങ്കിലും ഇതുവരെയും തുറന്ന് കൊടുക്കാൻ നഗരസഭ തയ്യാറായിട്ടില്ല. രണ്ടുമാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ട് ഉദ്ഘാടനം നടത്തിക്കാൻ നഗരസഭ തീരുമാനിച്ചിരുന്നതാണ്.

കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതായതിനാൽ ചടങ്ങിലേക്ക് കേന്ദ്രമന്ത്രിയെ ലഭിക്കാത്തതിനാലാണ് ഉദ്ഘാടനം നീട്ടിവച്ചതെന്നായിരുന്നു നഗരസഭയുടെ വിശദീകരണം. 13 കോടി ചെലവിൽ നാലു നിലകളിലായി നിർമിച്ച ഫെസിലിറ്റേഷൻ സെന്ററിൽ വിശ്രമ മുറികൾ, ഡോർമെറ്ററികൾ, ടോയ്‌ലറ്റുകൾ, ഫുഡ്‌കോർട്ട് തുടങ്ങിയ സൗകര്യങ്ങളുണ്ട്.