ചേലക്കര: പഴയന്നൂർ ഗായത്രിപ്പുഴയിൽ ചീരക്കുഴിയിൽ താത്കാലിക തടയണ നിർമ്മാണം പൂർത്തിയായി. ഇതിൽ വെള്ളം സംഭരിച്ച് കനാലിലൂടെ ഒഴുക്കി കൃഷിയിടങ്ങളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. നീരൊഴുക്ക് കുറവായതിനാൽ തടയണയിൽ വെള്ളം നിറഞ്ഞിട്ടില്ല. കനാലിലൂടെ എത്തുന്ന വെള്ളത്തെ ആശ്രയിച്ച് ചേലക്കര നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി നൂറുകണക്കിന് ഹെക്ടർ കൃഷിയിടങ്ങളാണുള്ളത്. വെള്ളം കിട്ടാതെ കൃഷി നശിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ. താത്കാലിക തടയണ ഒരുമാസം മുമ്പേ എങ്കിലും ഉണ്ടാക്കേണ്ടതായിരുന്നു എന്നാണ് കർഷകർ പറയുന്നത്.
ചീരക്കുഴി ഇറിഗേഷൻ പ്രൊജക്ടിന് ഷട്ടറുകൾ കഴിഞ്ഞ പ്രളയത്തിൽ തകർന്നതാണ് കർഷകർക്ക് വിനയായത്. പുനർനിർമ്മാണത്തിനായുള്ള നടപടികൾ പൂർത്തിയായി വരുന്നുണ്ടെങ്കിലും ഇത്തവണത്തെ കൃഷിക്ക് ഉപകാരപ്രദമാകില്ല. അതിനാലാണ് താത്കാലിക തടയണ നിർമ്മിക്കാൻ തീരുമാനിച്ചത്. കൃഷിക്ക് ആവശ്യമായ ജലസേചന സൗകര്യം ഒരുക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തുന്നുവെന്ന് ആരോപിച്ച് ഇന്ന് ചില കർഷക കൂട്ടായ്മകൾ റോഡ് ഉപരോധിച്ചു കൊണ്ടുള്ള സമരപരിപാടികൾ നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.