തൃശൂർ : ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സമവായമില്ല. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലൊഴിച്ച് ബാക്കി എല്ലാ നിയോജക മണ്ഡലങ്ങളിലും മത്സരം നടന്നതായി സൂചന. സംസ്ഥാന നേതാക്കളായ കെ.പി ശ്രീശൻ, ജി. രാമൻ നായർ, വി.ടി രമ, കെ. സുഭാഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജില്ലാ കമ്മിറ്റി ഓഫീസിൽ രഹസ്യ ബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ആർ.എസ്.എസ് നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ച ശേഷമേ പ്രഖ്യാപനം ഉണ്ടാകൂ. നിലവിൽ സുരേന്ദ്രൻ പക്ഷത്തിനാണ് മേൽക്കൈ ലഭിച്ചതെന്നാണ് വിവരം. 13 നിയോജക മണ്ഡലങ്ങളിൽ 11 ഇടത്ത് സുരേന്ദ്രൻ പക്ഷക്കാർക്കും രണ്ടിടത്ത് കൃഷ്ണദാസ് പക്ഷത്തിനുമാണ് മൂൻതൂക്കം. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാർ, നിയോജക മണ്ഡലം ഭാരവാഹികൾ, മോർച്ച പ്രസിഡന്റുമാർ, മണ്ഡലത്തിൽ നിന്നുള്ള ജില്ലാ, സംസ്ഥാന, ദേശീയ ഭാരവാഹികൾ, മോർച്ച മണ്ഡലം പ്രസിഡന്റുമാർ എന്നിവർക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. രാവിലെ 9 മുതൽ രാത്രി ഏഴ് വരെയായിരുന്നു തിരഞ്ഞെടുപ്പ്.

നാട്ടിക, കൊടുങ്ങല്ലൂർ, കയ്പ്പമംഗലം മണ്ഡലങ്ങളിൽ മത്സരമുണ്ടായില്ല. നാട്ടികയിൽ ഇ.പി ഹരീഷ്, കൊടുങ്ങല്ലൂരിൽ പ്രേംജി, കയ്പ്പമംഗലത്ത് ശെൽവൻ എന്നിവർക്കാണ് എതിരില്ലാതിരുന്നത്. തൃശൂർ മണ്ഡലത്തിൽ സുരേന്ദ്രൻ പക്ഷ സ്ഥാനാർത്ഥിയായി മനോജ് നെല്ലിക്കാടും കൃഷ്ണദാസ് പക്ഷ സ്ഥാനാർത്ഥിയായി രഘുനാഥ് സി. മേനോനുമാണ് രംഗത്തുണ്ടായിരുന്നത്. നേരത്തെ പ്രസിഡന്റുമാരാകാൻ പ്രായപരിധി ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ മുതൽ 45 വയസിന് മുകളിൽ ഉള്ളവർക്ക് മണ്ഡലം പ്രസിഡന്റുമാരാകാൻ സാധിക്കില്ല. അതുകൊണ്ട് പരിചയ സമ്പത്തുള്ള നേതാക്കന്മാരെ പല സ്ഥലത്തും കണ്ടെത്താൻ സാധിച്ചില്ലെന്നും പറയുന്നു...