തൃശൂർ: മഹാകവി കുമാരനാശാന്റെ ഖണ്ഡകാവ്യം 'ചിന്താവിഷ്ടയായ സീത' നൂറ് വർഷം പിന്നിടുമ്പോൾ, കാവ്യത്തിലെ ശ്രദ്ധേയമായ ഭാഗങ്ങൾ കഥകളിയായി അരങ്ങിലെത്തുന്നു. സ്ത്രീ സ്വാതന്ത്ര്യ ചിന്തകൾ മുന്നോട്ടുവച്ച കൃതിയിലെ, സീതയുടെ ചിന്തകളാണ് 'സീതാധ്യാന'മായി രംഗത്തെത്തുക. സീതയുടെ ആത്മദുഃഖം കരുണമായും രാമനെ വിമർശിക്കുന്നത് രൗദ്രമായും രാമനെക്കുറിച്ചുള്ള ഓർമ്മകൾ ശൃംഗാരമായുമെല്ലാം അരങ്ങിലെത്തും.
'ഗുരുദേവമാഹാത്മ്യം' കഥകളി അരങ്ങിലെത്തിച്ച് ശ്രദ്ധേയരായ തൃപ്രയാർ കളിമണ്ഡലമാണ് 'സീതാധ്യാനം' ഒരുക്കുന്നത്. കലാമണ്ഡലം ഗണേശനാണ് ആട്ടക്കഥ രചിച്ചത്. കളിമണ്ഡലം 12 ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 29ന് ഉച്ചയ്ക്ക് രണ്ടിന് തൃപ്രയാർ പ്രിയദർശിനി ഹാളിൽ ആദ്യ അവതരണം നടക്കും. കളിമണ്ഡലം ചെയർമാൻ സദു ഏങ്ങൂരാണ് നിർമ്മിച്ചത്. അധികൃതർ ആവശ്യപ്പെട്ടാൽ സ്‌കൂളുകളിൽ കഥകളി അവതരണവും ക്‌ളാസും നടത്താൻ കളിമണ്ഡലം തയ്യാറാണ്.
സീതാധ്യാനം
അന്തർദ്ധാനം ചെയ്യുന്നതിന്റെ തലേരാത്രി വാല്മീകിയുടെ ആശ്രമത്തിൽ ഏകാന്തമായി ഇരുന്ന് സീതാദേവി പൂർവാനുഭവങ്ങളെയും ഭാവിയെയും കുറിച്ച് ചിന്തിക്കുന്നതാണ് തുടക്കം. കാവ്യത്തിലെ തിരഞ്ഞെടുത്ത വരികളിലൂടെ വ്യത്യസ്ത ചിന്തകളെ നവരസങ്ങളിൽ ചിത്രീകരിക്കുന്നു. രാമസന്നിധിയിൽ എത്തിയ സീതയുടെ ചോദ്യങ്ങൾക്ക് രാമൻ മറുപടി നൽകുന്നു. സീതയെ ഉപേക്ഷിച്ചത് രാജനീതിയാണെന്നും വ്യക്തമാക്കുന്നു. ഒടുവിൽ, സീതയുടെ അന്തർദ്ധാനത്തോടെ പര്യവസാനം.
അരങ്ങിൽ:
സീത: ബിജുഭാസ്‌കർ, ശ്രീരാമൻ: വാരനാട് സനൽകുമാർ, സംഗീതം: കലാമണ്ഡലം സജീവ് കുമാർ
''അടിച്ചമർത്തപ്പെട്ട സ്ത്രീത്വത്തെയാണ് ഗുരുദേവ ശിഷ്യനായ ആശാൻ ലോകത്തെ അറിയിച്ചത്. സാധാരണക്കാരിലേക്ക് കാവ്യത്തെ എത്തിക്കാനാണ് ശ്രമം.''
സദു ഏങ്ങൂർ