തൃശൂർ: ദേശീയ പൗരത്വഭേദഗതി നിയമം സംബന്ധിച്ച് തൃശൂർ കേരളവർമ്മ കോളേജിൽ സംഘടിപ്പിക്കാനിരുന്ന എ.ബി.വി.പിയുടെ സെമിനാർ എസ്.എഫ്.ഐയുടെ പ്രതിഷേധത്തെ തുടർന്ന് വഴിയോരത്ത് നടത്തി. ദേശീയ പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാനായിരുന്നു കോളേജിലെ എ.ബി.വി.പി യൂണിറ്റ് കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചിരുന്നത്.
പ്രതിഷേധവുമായി കോളേജ് കവാടത്തിൽ ആദ്യം ബാനർ കെട്ടിയ എസ്.എഫ്.ഐ, സെമിനാർ നടത്താൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. സെമിനാറിനായി വരുന്നവരെ പ്രവേശിപ്പിക്കില്ലെന്നും നിലപാടെടുത്തു. സെമിനാറിൽ വിഷയം അവതരിപ്പിക്കാനെത്തിയ ബി.ജെ.പി നേതാവ് ടി.ആർ രമേഷ് കുമാറിനെ കോളേജിന് അകത്തേക്ക് പ്രവേശിപ്പിക്കുകയും ചെയ്തില്ല. വിദ്യാർത്ഥികൾ മുദ്രാവാക്യം മുഴക്കി ഗോബാക്ക് വിളിച്ചു. പ്രതിഷേധിക്കാനുള്ള അവകാശത്തിനൊപ്പം അനുകൂലിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന വാദമുയർത്തി എ.ബി.വി.പി പ്രവർത്തകർ എത്തിയതോടെ എസ്.എഫ്.ഐ പ്രതിഷേധം കനപ്പിച്ചു.
വിവരമറിഞ്ഞ് വൻ പൊലീസ് സന്നാഹം കാമ്പസിലേക്ക് എത്തി. വിദ്യാർത്ഥികളുമായി സംസാരിച്ചുവെങ്കിലും പുറത്ത് നിന്നും എത്തിയ ആൾ കാമ്പസിൽ കയറി പൗരത്വബില്ലിൽ സെമിനാർ നടത്താൻ അനുവദിക്കില്ലെന്നും പ്രവർത്തകരെ തടയുമെന്നും എസ്.എഫ്.ഐ നിലപാടെടുത്തു. ഇതോടെ സംഘർഷമുണ്ടായാൽ മാത്രം ഇടപെടുമെന്ന് വ്യക്തമാക്കി പൊലീസ് മാറി നിന്നു. കാമ്പസിന് മുന്നിൽ വഴിയോരത്ത് കൂടി നിന്നവരോട് പൗരത്വനിയമം സംബന്ധിച്ച് വിഷയമവതരിപ്പിച്ച് എ.ബി.വി.പി പ്രവർത്തകർ മടങ്ങി.
ജനാധിപത്യ മര്യാദയില്ലായ്മയാണ് എസ്.എഫ്.ഐ കാണിച്ചതെന്ന് എ.ബി.വി.പി ആരോപിച്ചു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പൊലീസ് കാമ്പസിൽ സുരക്ഷ ഒരുക്കിയിട്ടുണ്ട്.