മാള: മാള കെ. കരുണാകരൻ സ്മാരക സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മെഡിക്കൽ സൂപ്രണ്ടിനെ സ്ഥലം മാറ്റുന്നതിന് സർക്കാർ ഉത്തരവായി. ജില്ലാ ജനറൽ ആശുപത്രിയിലേക്കാണ് സ്ഥലം മാറ്റിയത്. നവംബർ 12 ന് സർക്കാർ ഡെപ്യൂട്ടി സെക്രട്ടറി ജി.ആർ. രമേഷാണ് ഉത്തരവിട്ടത്. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും ഉത്തരവ് നടപ്പാക്കാനായിട്ടില്ല. അതേസമയം പകരം ഡോക്ടറെ കണ്ടെത്തി മാളയിലേക്ക് കൊണ്ടുവരാൻ കഴിയാത്തതാണ് പ്രശ്‌നം. പകരം ഡോക്ടറെ കൊണ്ടുവരാൻ കഴിയാതിരുന്നാൽ കിടത്തി ചികിത്സ അവതാളത്തിലാകുമെന്നതിനാലാണ് കാലതാമസമെടുക്കുന്നത്.
അതേസമയം ഡോ. ആശ എറണാകുളം ചെങ്ങമനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റത്തിന് അപേക്ഷ സമർപ്പിച്ചതായും സൂചനയുണ്ട്.
ആശുപത്രിയിൽ സംഘടിപ്പിച്ച അർബുദ രോഗ നിർണയ ക്യാമ്പ് നടത്തിപ്പിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി കേരള കൗമുദിയാണ് ആദ്യം റിപ്പോർട്ട് നൽകിയത്. തുടർന്നുള്ള പരാതികളിലാണ് ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗം അന്വേഷണം നടത്തിയത്. ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് സൂപ്രണ്ട് ഡോ. പി.എസ്. ആശയെ മാറ്റുന്നത് ഉചിതമായിരിക്കുമെന്നും ആരോഗ്യ വകുപ്പ് റീജിയണൽ വിജിലൻസ് ഓഫീസർ ഡോ. ആർ. വിവേക് കുമാർ തയ്യാറാക്കിയ റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു. ആരോഗ്യവകുപ്പ് റീജിയണൽ വിജിലൻസ് യൂണിറ്റിന്റെ സെൻട്രൽ സോണിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ആശുപത്രിയിൽ 2018 ഫെബ്രുവരി 22 ന് സ്ത്രീകൾക്കായി സംഘടിപ്പിച്ച അർബുദ രോഗ നിർണ്ണയ ക്യാമ്പ് നടത്തുന്നതിനായി മാള പഞ്ചായത്ത് തയ്യാറാക്കിയ പദ്ധതിയിലെ നിർദേശം അനുസരിച്ച് ഡോ. ആശ ക്യാമ്പ് സംഘടിപ്പിച്ചില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. ക്യാമ്പ് പ്രചാരണത്തിനായി ബിറ്റ് നോട്ടീസ് 15,000 അച്ചടിച്ചതായി പ്രസ് ഉടമ മൊഴി നൽകിയിരുന്നെങ്കിലും ബന്ധപ്പെട്ടവർ നോട്ടീസ് കണ്ടിട്ടില്ലായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ക്യാമ്പിൽ പങ്കെടുത്തവരുടെ വിവരങ്ങൾ പൂർണമായി രേഖപ്പെടുത്തിയിട്ടില്ല. ക്യാമ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഡോ. ആശയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് റീജിയണൽ വിജിലൻസ് ഓഫീസർ തയ്യാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.
ക്രമക്കേടുകൾ ഇവ
ക്യാമ്പിൽ 83 പേർ പങ്കെടുത്തപ്പോൾ 150 പേർക്ക് ഭക്ഷണം നൽകിയെന്ന് ബില്ല്
ഭക്ഷണം നൽകിയത് 75 പേർക്ക് 6,750 രൂപയെന്ന് ഹോട്ടൽ ഉടമ ബൈജു
ബിൽതുകയായ 12000 രൂപയിലെ ബാക്കി തിരിച്ച് നൽകിയെന്നും മൊഴി
ചായയും കടിയും വാങ്ങിയതിന് ബില്ലിലെ തുക 3900 രൂപ
ലഭിച്ചത് 2250 രൂപയെന്ന് കടയുടമ
വാഹനം വാടകയ്ക്ക് എടുത്തുവെന്ന് കാട്ടി രേഖപ്പെടുത്തിയത് 4000 രൂപ
ഡ്രൈവർക്ക് നൽകിയത് 250 രൂപ