തൃശൂർ : ഡി.എൻ.എ പരിശോധന സ്ത്രീത്വത്തെ അപമാനിക്കലാണെന്ന് അദാലത്തിൽ വനിതാ കമ്മിഷൻ ചെയർപേഴ്‌സൻ എം.സി ജോസഫൈൻ അഭിപ്രായപ്പെട്ടു. സ്ത്രീയുടെ നിസഹായ അവസ്ഥയുടെ പാരമ്യമാണ് ഡി.എൻ.എ പരിശോധനയ്ക്ക് വിധേയയാവുകയെന്നത്.

കമ്മിഷൻ രണ്ടു വർഷത്തിനിടെ അഞ്ചോളം ഡി.എൻ.എ പരിശോധനയ്ക്ക് ഉത്തരവിട്ടതിൽ എല്ലാറ്റിലും ഫലം അനുകൂലമായിരുന്നു. അദാലത്തിൽ, ഒരു കേസിലെ ഡി.എൻ.എ റിപ്പോർട്ട് പരിശോധിച്ച് കേസ് ഒത്തുതീർപ്പാക്കിയതിന് പിന്നാലെയായിരുന്നു പരാമർശം. കേസിൽ പിതൃത്വ പരിശോധനാ ഫലം അനുകൂലമായിരുന്നു. ഭർത്താവ് സംരക്ഷിക്കുന്നില്ലെന്ന് ഏതാനും മാസം മുമ്പ് യുവതി നൽകിയ പരാതി പരിഗണിക്കവേയാണ് ഭർത്താവ് മക്കളുടെ ഡി.എൻ.എ പരിശോധനയ്ക്ക് ആവശ്യപ്പെട്ടത്. ഇതിന്റെ ഫലമാണ് തിങ്കളാഴ്ച ലഭിച്ചത്. ഇനിമേലിൽ അപമാനമോ ശാരീരിക, മാനസിക പീഡനമോ നേരിട്ടാൽ പൊലീസിനെയും കമ്മിഷനെയും അറിയിക്കാനും യുവതിയോട് നിർദ്ദേശിച്ചു. കുഞ്ഞാലിപ്പാറ വെള്ളിക്കുളങ്ങര ക്വാറി സമരത്തിനെതിരെ ഉടമയായ സ്ത്രീ നൽകിയ പരാതിയും കമീഷന്റെ മുന്നിലെത്തി. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ പരാതി തള്ളി. സമരം തന്റെ വരുമാനമാർഗം ഇല്ലാതാക്കുന്നുവെന്നും ക്വാറി ജലബോംബ് ആണെന്ന രീതിയിൽ സമരക്കാർ ഉന്നയിക്കുന്ന ആക്ഷേപം ശരിയല്ലെന്നുമായിരുന്നു വാദം. സമരക്കാരുടെ ആവശ്യപ്രകാരം സെപ്തംബറിൽ കമ്മിഷൻ ഈ പാറമട സന്ദർശിച്ചിരുന്നു. ജിയോളജി വകുപ്പും വനം വകുപ്പും സ്റ്റോപ്പ് മെമ്മോ നൽകിയിരുന്ന ക്വാറിയുടെ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തതായി ചെയർപേഴ്‌സൻ പറഞ്ഞു.
സിറ്റിംഗിൽ കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടർ വി.യു. കുര്യാക്കോസ്, അഭിഭാഷകരായ കെ.എൻ. സിനിമോൾ, ബിന്ദു രഘുനാഥ്, ടി.എസ് . സജിത, കൗൺസലർ രാധ രമണി എന്നിവരും കേസുകൾ പരിഗണിച്ചു.


തീർപ്പാക്കിയത് 35 കേസുകൾ

പരിഗണിച്ചത് 79 കേസുകൾ

പൊലീസ് റിപ്പോർട്ടിന് വിട്ടത് 6 കേസുകൾ

അടുത്ത അദാലത്തിലേക്ക് മാറ്റിയത് 35