തൃപ്രയാർ: ഒമ്പത് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന മണപ്പുറം ബീച്ച് ഫെസ്റ്റിവൽ 23 മുതൽ 31 വരെ കഴിമ്പ്രത്ത് നടക്കും. 24ന് വൈകീട്ട് മന്ത്രി വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം വലപ്പാട് കോതകുളത്തു നിന്നും സാംസ്‌കാരിക ഘോഷയാത്ര നടക്കും. ദേശീയ കായികമേളയിൽ ജേതാവായ ആൻസി സോജൻ, പരിശീലകൻ കണ്ണൻ മാസ്റ്റർ എന്നിവരെ സമ്മേളന നഗരിയിലേക്ക് ആനയിക്കുമെന്ന് സംഘാടകസമിതി ചെയർമാനും വലപ്പാട് പഞ്ചായത്ത് പ്രസിഡന്റുമായ ഇ.കെ തോമസ് മാസ്റ്റർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ നേത്രചികിത്സ, അലോപ്പതി, ആയുർവേദ, ഹോമിയോ മെഡിക്കൽ ക്യാമ്പുകളും സൗജന്യമരുന്നു വിതരണവും സംഘടിപ്പിച്ചിട്ടുണ്ട്. മെഗാ തിരുവാതിര, മാർഗ്ഗം കളി, കടൽയാത്ര, സാംസ്‌കാരിക സെമിനാറുകൾ, കലാപ്രകടനവും എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. 29ന് സമാദരണീയം പരിപാടി മന്ത്രി എ.സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. സംവിധായകൻ ലാൽ ജോസിന്റെ നേതൃത്വത്തിൽ അഞ്ചംഗ ജഡ്ജിംഗ് കമ്മിറ്റി തിരഞ്ഞെടുത്ത മോഹൻലാലിന് രാമുകാര്യാട്ട് അവാർഡും, യുവനടൻ ടൊവിനോ തോമസിന് ഐക്കൺ അവാർഡും സമ്മാനിക്കും. 31ന് സമാപനസമ്മേളനം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ എം.ആർ സുഭാഷിണി, കെ.വി മോഹനൻ മാസ്റ്റർ, പി.എസ് ഷജിത്ത്, ഹമീദ് തടത്തിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.