ചാലക്കുടി: കൂടപ്പുഴയിലെ മനക്കുളത്തിൽ കൂടുതൽ മത്സ്യങ്ങൾ ചത്തുപൊങ്ങി. വലിപ്പമേറിയ മീനുകളാണ് തിങ്കളാഴ്ച രാവിലെ മുതൽ വെള്ളത്തിന് മുകളിൽ ജീവനില്ലാത്ത നിലയിൽ കാണപ്പെട്ടത്. പലതും ചീഞ്ഞു തുടങ്ങി. കട്ടില, രോഹു തുടങ്ങിയ മത്സ്യങ്ങൾക്കാണ് ജീവഹാനി നേരിടുന്നത്. പരമ്പരാഗതമായി കുളത്തിലുള്ള വരാൽ, മുഷി തുടങ്ങിയ ഇനങ്ങൾക്ക് കുഴപ്പം സംഭവിച്ചെട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
രണ്ടുവർഷം മുമ്പ് മത്സ്യം വളർത്തൽ പദ്ധതിയുടെ ഭാഗമായി നഗരസഭ വൻതോതിൽ മത്സ്യക്കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിച്ചിരുന്നു. വെള്ളത്തിൽ അമിതമായി മാലിന്യം കലർന്നെന്നാണ് നിഗമനം. എത്രയും വേഗം ശുദ്ധീകരിച്ച് നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ള സ്രോതസായ മനക്കുളത്തെ സംരക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രശ്‌നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ മീനുകളുടെ ജീവഹാനി തുടരുമെന്ന് ഉറപ്പാണ്. അടുത്ത ദിവസം മുതൽ ചത്ത മീനുകൾ ചാഞ്ഞുനാറാനും തുടങ്ങും.
കുളത്തിന്റെ ചരിത്രവും സംരക്ഷണമാർഗവും
കൂടൽ മാണിക്യം ദേവസ്വത്തിന്റെ ഏക്കർ കണക്കിന് കൃഷിയിടത്തിൽ ഉൾപ്പെട്ടതാണ് കുളം. അരയേക്കറോളം വിസ്തീർണ്ണം. അക്കാലത്ത് പുഞ്ചപ്പാടത്ത് കൃഷിക്ക് തേക്ക് ഉപയോഗിച്ച് വെള്ളം എടുത്തിരുന്നു. കേരള കാർഷിക സർവകലാശാലയുടെ ഗവേഷണ കേന്ദ്രം കൃഷി സ്ഥലം ഏറ്റെടുത്തെങ്കിലും കുളം നഗരസഭയുടെ അധീനതയിലായി.
ഗവേഷണ കേന്ദ്രത്തിൽ നടന്ന കൃഷികൾക്ക് ഡീസൽ എൻജിൻ ഉപയോഗിച്ചും ഇവിടെ നിന്നും വെള്ളം ശേഖരിച്ചിരുന്നു. പിന്നീടത് നിറുത്തലാക്കി. ജനകീയാസൂത്രണ പദ്ധതി വന്ന ഘട്ടത്തിൽ മനംക്കുളം കെട്ടി സംരക്ഷിച്ചു. ഏതാനും വർഷങ്ങളായി നഗരസഭ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു വരുന്നു. അടയന്തിരമായി ശുചീകരണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
200 മീറ്റർ അകലെ വരെ ചാലക്കുടിപ്പുഴയിൽ നിന്നുമുള്ള ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി എത്തിനിൽക്കുന്നു. ചുരുങ്ങിയ ചെലവിൽ കുളത്തിലേക്ക് വെള്ളം എത്തിച്ചാൽ ഒഴുക്കുള്ള കുളമായി മാറും. നിറഞ്ഞൊഴുകുന്ന വെള്ളം തോടുവഴി കടന്നുപോകുന്നത് നൂറുകണക്കിന് കിണറുകൾക്കും ഗുണകരമാകും. നഗരസഭയിലെ മൂന്നു വാർഡുകളിൽ വേനൽക്കാലത്ത് മനക്കുളമാണ് കുടിവെള്ള സ്രോതസ്.