തൃശൂർ: കേച്ചേരി എസ്.ബി.ഐ ബാങ്ക് കവർച്ചയ്ക്ക് ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് തിരിച്ചറിഞ്ഞു. സംഭവസ്ഥലത്തു നിന്ന് ലഭിച്ച വിരലടയാളം വഴിയാണ് പ്രതിയെ മനസിലായത്. സമാനമായ പല കേസുകളിലെയും പ്രതി കൂടിയാണ് ഇയാൾ. പ്രതിക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സിറ്റി പൊലീസ് ഫിംഗർ പ്രിന്റ് ബ്യൂറോയിലെ ടെസ്റ്റർ ഇൻസ്പക്ടർ കെ.എസ് ദിനേശനാണ് വിരലടയാളത്തിലൂടെ പ്രതിയെ തിരിച്ചറിയുവാൻ നടപടിയെടുത്തത്.
ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ച മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്. തല മറച്ചാണ് മോഷ്ടാവ് ബാങ്കിനുള്ളിലെത്തിയത്. ശാഖയുടെ ജനൽക്കമ്പി വളച്ചായിരുന്നു അകത്തു കയറിയത്. അപായ സന്ദേശം കിട്ടിയ ഉടനെ ബാങ്ക് മാനേജർ സ്ഥലത്തേയ്ക്കു പാഞ്ഞെത്തിയതോടെ കള്ളൻ ഓടി രക്ഷപ്പെട്ടു. ബാങ്കിന്റെ കാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ പിന്തുടർന്നാണ് പൊലീസിന്റെ അന്വേഷണം. കമ്പിപാര ഉപയോഗിച്ച് ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചതു കൊണ്ടുതന്നെ പ്രൊഫഷണൽ മോഷ്ടാവ് അല്ലെന്നാണ് നിഗമനം. ഇരുപത്തിയഞ്ചു വയസിന് താഴെയുള്ള ആളാകാം മോഷ്ടാവെന്നാണ് നിഗമനം. മൊബൈൽ ഫോൺ നമ്പർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ബാങ്കിന്റെ ലോക്കർ മുറിയ്ക്കുള്ളിൽ കയറാനായിരുന്നു മോഷ്ടാവിന്റെ ശ്രമം.
ജയിലിൽ നിന്ന് ഈയിടെ പുറത്തിറങ്ങിയ പതിവു മോഷ്ടാക്കളുടെ പട്ടിക പൊലീസ് ശേഖരിച്ചിരുന്നു. തൃശൂർ പാറമേൽപടിയിലും ചാലക്കുടിയിലും എ.ടി.എം കൗണ്ടറുകളിൽ ഈയിടെ കവർച്ചാശ്രമം നടന്നിരുന്നു . പാറമേൽപടിയിലെ കള്ളന്മാരെ മാത്രം പൊലീസ് പിടികൂടി.