തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിൽ യൂണിയൻ അംഗീകാരത്തിനുള്ള റഫറണ്ടം 29 ന്. ഭൂരിപക്ഷം നേടാൻ വ്യാപക പ്രചരണം. റഫറണ്ടം നടത്തേണ്ട കാലവധി തീർന്ന് ഒരു കൊല്ലവും രണ്ട് മാസവും കഴിഞ്ഞതിന് ശേഷമാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നത്. ഭരണ കക്ഷി അനുകൂല സംഘടനയായ കൊച്ചിൻ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ (സി.ഐ.ടി.യു), കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടുകൾ നേടിയ കോൺഗ്രസ് അനുകൂല സംഘടനയായ കൊച്ചിൻ ദേവസ്വം എംപ്ലോയീസ് കോൺഗ്രസ്, ബി.എം.എസ് നേതൃത്വം നൽകുന്ന കൊച്ചിൻ ദേവസ്വം കാർമിക് സംഘ്, സി.പി.ഐ സംഘടനയായ കൊച്ചിൻ ദേവസ്വം എംപ്ലോയീസ് ഫെഡറേഷൻ, കൊച്ചിൻ ദേവസ്വം സ്വതന്ത്ര യൂണിയൻ എന്നീ അഞ്ച് സംഘടനകളാണ് മത്സര രംഗത്തുള്ളത്.
റഫറണ്ടം നീട്ടിക്കൊണ്ടു പോയതിന്റെ ഉത്തരവാദിത്വം ഭരണ അനുകൂല സംഘടനകൾക്കാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഐ.എൻ.ടി.യു.സി, ബി.എം.എസ് ഉൾപ്പടെയുള്ള സംഘടനകൾ പ്രചാരണം. ഡോ. എം.കെ. സുദർശൻ പ്രസിഡന്റായിരുന്ന കാലത്ത് ഇടത് യൂണിയൻ നേതാക്കളുടെ ഒരാവശ്യവും അംഗീകരിച്ചിരുന്നില്ലെന്നും സ്ഥലം മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അംഗങ്ങളുടെ താത്പര്യം സംരക്ഷിക്കാൻ സാധിച്ചിരുന്നില്ലായെന്നും ഇവർ ആക്ഷേപം ഉന്നയിക്കുന്നു. എന്നാൽ പുതുതായി ചേർന്ന എല്ലാവരെയും അംഗങ്ങളാക്കാനായെന്ന് ചൂണ്ടിക്കാട്ടി നേട്ടം ഉറപ്പാണെന്ന് എംപ്ളോയീസ് ഓർഗനൈസേഷനും വാദിക്കുന്നു. ഉദ്യോഗസ്ഥ തലത്തിൽ സൂപ്രണ്ട് വരെയുള്ളവർക്കാണ് വോട്ടാവകാശം. അഞ്ച് വർഷമാണ് കാലാവധി. ക്ഷേത്രങ്ങളിലും അംഗങ്ങളുടെ വീടുകളിലും എത്തിയാണ് വോട്ടഭ്യർത്ഥന നടക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള പ്രചരണവും സജീവമാണ്.
-------------------------
ആകെ വോട്ട് - 1751
വോട്ടവകാശമുള്ളവർ- ക്ഷേത്രം ജീവനക്കാർ,
എസ്റ്റാബ്ളിഷ്‌മെന്റ് ജീവനക്കാർ.
------------------
വോട്ടെടുപ്പ്-രാവിലെ പത്ത് മുതൽ വൈകീട്ട് നാലു വരെ
വോട്ടെണ്ണൽ- നാലര മുതൽ
------------------------
വോട്ടെടുപ്പ് സ്ഥലങ്ങൾ : കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസ്, തൃശൂർ അസി. കമ്മിഷണർ ഓഫീസ്, തിരുവഞ്ചിക്കുളം എ.സി ഓഫീസ്, തൃപ്പൂണിത്തുറ എ.സി. ഓഫീസ്, ചോറ്റാനിക്കര ദേവസ്വം ഓഫീസ്, തിരുവില്വാമല എ.സി ഓഫീസ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ നില ഇങ്ങനെ
ആകെ വോട്ട് 1,615
എംപ്ലോയീസ് കോൺഗ്രസ് 719 വോട്ടുകൾ
എംപ്ലോയീസ് ഓർഗനൈസേഷൻ 634
കാർമിക് സംഘ് 201
ഫെഡറേഷൻ 45