ചാലക്കുടി: അകാരണമായി ഹാജർ വെട്ടിക്കളയുകയും ചോദ്യം ചെയ്യുന്നവരോട് അപമര്യാദയായി പെരുമാറുകയും ചെയ്യുന്ന അദ്ധ്യാപകരുടെ പ്രവൃത്തികളിൽ പ്രതിഷേധിച്ച് ഐ.ടി.ഐയിൽ വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ ഉപരോധിച്ചു. വൈകീട്ട് ആറ് വരെ ഉപരോധം നീണ്ടു. പ്രശ്‌നം ചർച്ച ചെയ്യുന്നതിന് ചാലക്കുടി എസ്.ഐ: ബി.കെ. അരുൺ കുമാർ ഇരുവിഭാഗത്തെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഒത്തുതീർപ്പായില്ലെങ്കിൽ അടുത്ത ദിവസം സമരം തുടരുമെന്ന് വിദ്യാർത്ഥി സംഘടനകൾ അറിയിച്ചു.
എസ്.എഫ്.ഐയുടെ നേതൃത്വത്തിലായിരുന്നു സമരം. കെ.എസ് ആദിത്ത് എന്ന വിദ്യാർത്ഥിയെ മൂന്നു ദിവസത്തേക്ക് സസ്പൻഡ് ചെയ്തതാണ് തിങ്കളാഴ്ചയിലെ സംഭവ വികാസങ്ങൾക്ക് തുടക്കം. ഇതോടെ ഫിറ്റർ വിഭാഗത്തിലെ അറുപതോളം വിദ്യാർത്ഥികൾ പരിശീലന ക്ലാസുകളിൽ നിന്നും ഇറങ്ങിപ്പോയി. തുടർന്ന് ചെയർമാൻ വി.എസ്. ആരോമലിന്റെ നേതൃതത്വത്തിൽ പ്രിൻസിപ്പലിന്റെ മുറിയുടെ മുന്നിൽ കുത്തിയിരിപ്പ് ആരംഭിച്ചു.
തങ്ങൾ സമർപ്പിക്കുന്ന പ്രൊജക്ടുകളിൽ മനഃപൂർവ്വം കുറ്റങ്ങൾ കണ്ടെത്തി ഹാജർ വെട്ടിക്കളുയുന്ന പ്രവണത മാസങ്ങളായി തുടരുകയാണെന്ന് ചെയർമാൻ ആരോമൽ പറഞ്ഞു. ഇത്തരം പ്രവൃത്തികളെ ചോദ്യം ചെയ്തതാണ് പ്രതികാര നടപടിക്ക് കാരണമെന്ന് വിദ്യാർത്ഥി സി.കെ. ആഗിൻ ആരോപിച്ചു. എന്നാൽ പരിശീലന ക്ലാസുകളിൽ എത്താതിരുന്നവരുടെ ഹാജരാണ് വെട്ടിക്കുറച്ചതെന്ന് അദ്ധ്യാപകർ വ്യക്തമാക്കി.