ഗുരുവായൂർ: ഗുരുവായൂർ - കുറ്റിപ്പുറം പാതയുടെ തറക്കല്ലിട്ടിട്ട് 24 വർഷം. 1995 ഡിസംബർ 17ന് തറക്കല്ലിട്ട പാതയുടെ നിർമ്മാണം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. അന്നത്തെ റെയിൽവേ മന്ത്രി സുരേഷ് കൽമാഡിയാണ് തറക്കല്ലിട്ടത്. കേന്ദ്ര വ്യവസായ മന്ത്രിയായിരുന്ന കെ. കരുണാകരനായിരുന്നു ചടങ്ങിന്റെ അദ്ധ്യക്ഷൻ.
പാത അപ്രായോഗികമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിന്നീട് ഗുരുവായൂരിൽ നിന്നും താനൂരിലേക്കും തിരുനാവായയിലേക്കും തിരൂരിലേക്കും ബന്ധിപ്പിക്കുന്നതിന് ആലോചനകൾ നടന്നിരുന്നു. ഭൂമി ഏറ്റെടുക്കാനാകാത്തതാണ് പാതയുടെ തീരുമാനം നീണ്ടു പോകുന്നതിന് പ്രധാന കാരണം. താനൂരിലേക്കും തിരൂരിലേക്കും അലൈൻമെന്റ് നിശ്ചയിച്ചെങ്കിലും ഭീമി ഏറ്റെടുക്കാനാകാത്തതിനാലാണ് പിന്നീട് തിരുനാവായയിലേക്ക് അലൈമെന്റ് തീരുമാനിച്ചത്.
തിരുനാവായയിലേക്ക് രണ്ട് വഴികൾ പരിഗണിച്ചിരുന്നു. കുന്നംകുളം വഴിയും കൂടാതെ ആനത്താവളത്തിന് കിഴക്ക് തമ്പുരാൻപടി, കാവീട്, കുരഞ്ഞിയൂർ മേഖലകളിലൂടെ കനോലി കനാലിന് സമീപെമത്തുന്ന വിധവുമായിരുന്നു ഇത്. 2014ൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് ഗുരുവായൂരിൽ നിന്ന് കുന്നംകുളം വഴി തിരുനാവായ പാതയ്ക്കുള്ള അലൈൻമെന്റിന് സർക്കാർ അംഗീകാരം നൽകി. എന്നാൽ നാളിതുവരെ സർവേ നടത്താൻ പോലും സർക്കാരിന് കഴിഞ്ഞിട്ടില്ല.
മലപ്പുറം ജില്ലയിൽ സ്ഥലം ഏറ്റെടുക്കുന്നതിന് ശക്തമായ പ്രതിഷേധം ഉയരുന്നതാണ് പ്രധാന തടസ്സം. സ്ഥലമേറ്റെടുക്കുന്നതിനായി ഗുരുവായൂരിൽ തുറന്നിരുന്ന ഓഫീസ് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അടച്ചുപൂട്ടി. ഇടതുസർക്കാർ അധികാരമേറ്റ ശേഷം സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിൽ പാതയ്ക്കായി ശ്രമിച്ചെങ്കിലും എങ്ങുമെത്തിയില്ല. ഈ പാതയ്ക്കായി വർഷം തോറും റെയിൽവേ ബഡ്ജറ്റിൽ കോടികൾ അനുവദിച്ചിരുന്നെങ്കിലും വകമാറ്റുകയാണ് പതിവ്.
ഗുരുവായൂർ - കുറ്റിപ്പുറം പാതയ്‌ക്കൊപ്പം റെയിൽവേ പ്രഖ്യാപിച്ച പല പദ്ധതികൾ പൂർത്തീകരിച്ചപ്പോഴും ഈ പാതയ്ക്കു മാത്രം ശാപമോക്ഷമായില്ല.
പോരാട്ടവീഥി
റെയിൽവേ ഡെവലപ്‌മെന്റ് ആക്ഷൻ കൗൺസിൽ കൺവീനർ കെ.ജി .സുകുമാരൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഗുരുവായൂർ പാത വടക്കോട്ട് ബന്ധിപ്പിക്കുന്നതിനായി ഏറെ സമരങ്ങൾ നടത്തിയിരുന്നു. അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് പാത നീട്ടാനാവശ്യമായ സ്ഥലം 18 മാസത്തിനകം സർവേ നടത്തി ഏറ്റെടുക്കാൻ ഉത്തരവുണ്ടായി. 2006 ഡിസംബറിലായിരുന്നു കോടതി ഇടപെടൽ. എന്നാൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഒരു യോഗം വിളിച്ചത് ഒഴിച്ചാൽ തുടർ നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല.
അനാസ്ഥയുടെ വർഷങ്ങൾ
തറക്കല്ലിട്ടത് 1995 ഡിസംബർ 17ന്, നിർഹിച്ചത് സുരേഷ് കൽമാഡി
പാത നീട്ടുന്നതിന് പ്രധാന തടസം സ്ഥലം ഏറ്റെടുത്ത് നൽകാത്തത്
2014ൽ കുന്നംകുളം വഴിയുള്ള തിരുനാവായ പാതയ്ക്ക് അംഗീകാരം
സ്ഥലമേറ്റെടുക്കാൻ ഗുരുവായൂരിൽ തുറന്ന ഓഫീസ് അടച്ചുപൂട്ടി
ബഡ്ജറ്റിൽ പലപ്പോഴായി അനുവദിച്ച തുകയെല്ലാം വകമാറ്റി ചെലഴിച്ചു
സംസ്ഥാനത്തിന്റെ കൈയിൽ
ഗുരുവായൂർ - തിരുനാവായ റെയിൽപാത സംസ്ഥാന സർക്കാർ വിചാരിച്ചാലേ നടക്കൂ എന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. അന്തിമ സർവേ പൂർത്തിയാക്കാനുള്ള സാഹചര്യം സംസ്ഥാന സർക്കാർ ഒരുക്കണം. എന്നാൽ, റെയിൽവേ മാസ്റ്റർപ്ലാൻ തയാറാക്കും. സ്ഥലം ഏറ്റെടുത്ത് കൊടുക്കേണ്ടത് സംസ്ഥാന സർക്കാറാണ്. സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തു നൽകാത്തതാണ് പാതയ്ക്ക് തടസമെന്നും ജനപ്രതിനിധികൾ ഇടപെട്ട് തടസങ്ങൾ നീക്കി പാത പൂർത്തീകരണത്തിന് ആവശ്യമായ നടപടി കൈകൊള്ളണം.
- കെ.ജി. സുകുമാരൻ,
കൺവീനർ, റെയിൽവേ ഡെവലപ്‌മെന്റ് ആക്ഷൻ കൗൺസിൽ