കൊടുങ്ങലൂർ: പൗരത്വ ബില്ലിനെതിരെ സമരം ചെയ്തവർക്ക് നേരെയുണ്ടായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസുകാരും പൊലീസും തമ്മിൽ കൈയ്യാങ്കളി. അനുവാദമില്ലാതെ പ്രകടനം നടത്തിയ 20 പേർക്കെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരം ചുറ്റി നടത്തിയ പ്രകടനത്തിനൊടുവിലാണ് ചന്തപ്പുരയിൽ റോഡ് ഉപരോധിച്ചത്. കുത്തിയിരുന്ന് മുദ്രാവാക്യമുയർത്തിയ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിനിടയിലാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗ്ഗീസുമായി വാക്കേറ്റവും കൈയ്യാങ്കളിയുമുണ്ടായത്. പിന്നീട് മുതിർന്ന നേതാക്കൾ ഇടപ്പെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. ഇതിന് പിറകെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ച് കേസെടുത്തു. ഉപരോധത്തിന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വി.എസ്. അരുൺരാജ്, അഡ്വ. പി.എച്ച് മഹേഷ്, പി.എ. മനാഫ്, എൻ.എസ് സലിമുദ്ദിൻ, നിഷാഫ് കുര്യാപ്പിള്ളി, ടി.എസ് സുദർശൻ, എം.എ. മുസ്സമ്മിൽ, വാണി പ്രയാഗ് തുടങ്ങിയവർ നേതൃത്വം നൽകി.