ചാവക്കാട്: തിരുവത്ര പുത്തൻ കടപ്പുറം ഇ.എം.എസ് നഗറിൽ സി.പി.എം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങളായ രണ്ടു പേരെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവത്ര പുതുപറമ്പിൽ മനാഫ് (28 ), സഹോദരൻ നിസാമുദിൻ (26 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിരുവത്ര പുത്തൻകടപ്പുറം ഇ.എം.എസ് നഗറിൽ താമസിക്കുന്ന ചാടീരകത്ത് നൗഷാദിനെ (36) വധിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. പൊന്നാനിയിൽ ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇരുവരും. ചാവക്കാട് എസ്.ഐ കെ.പി ആനന്ദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. സി.പി.ഒമാരായ ശരത്ത്, അബ്ദുൾ റഷീദ്, സൗദാമിനി എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബർ 31 -നായിരുന്നു സംഭവം. അന്ന് രാത്രി 11.30 ഓടെ ബൈക്കിലെത്തിയ ഇരുവരും ചേർന്ന് നൗഷാദിനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.